c

കൊല്ലം: തിര‌ഞ്ഞെടുപ്പിന് തൊട്ടുമുൻപ് തെളിച്ച തെരുവുവിളക്കുകൾ കൂട്ടത്തോടെ അണഞ്ഞ് നഗരത്തിലെ ഭൂരിഭാഗം സ്ഥലങ്ങളും വീണ്ടും ഇരുട്ടിലായി. കഴിഞ്ഞയാഴ്ച പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീതിനെപ്പോലെയുള്ളവരെ ഭയന്ന് രാത്രി വൈകി നഗരവാസികൾ നിരത്തിലിറങ്ങുന്നത് വിരളമാണ്. തെരുവ് വിളക്കുകൾ മിഴിയടച്ച് വെളിച്ചം തീരെ ഇല്ലാത്തതിനാൽ ഇടറോഡുകൾ വഴി വാഹനങ്ങളിൽ പോകാൻ പോലും പ്രദേശവാസികൾക്ക് ഭയമാണ്. നഗരത്തിലെ പരമ്പരാഗത തെരുവുവിളക്കുകളുടെ പരിപാലനം സ്വകാര്യ ഏജൻസിക്ക് കരാർ നൽകിയിരിക്കുകയാണ്. രണ്ട് മൂന്നും സംഘങ്ങളായാണ് ഇവർ കത്താത്ത വിളക്കുകൾ നന്നാക്കുന്നത്.

ശാശ്വത പരിഹാരം നീളും

തെരുവ് വിളക്കുകൾ പൂർണമായും എൽ.ഇ.ഡിയാക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലാവ് പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലാണ് നഗരസഭ. ഇതിന്റെ പാക്കേജ് തയ്യാറാക്കി കരാറിലേക്ക് നീങ്ങാൻ ഇനിയും മാസങ്ങളെടുക്കും. ഈ പദ്ധതി പ്രകാരം വിളക്കുകളുടെ പരിപാലന ചുമതല കെ.എസ്.ഇ.ബിക്കാണ്. എൽ.ഇ.ഡി ആകുന്നതോടെ വൈദ്യുതി ചാർജ് കുറയും.

നാട്ടുകാരുടെ ആക്ഷേപം

കത്താത്ത വിളക്കുകൾ പ്രകാശിപ്പിക്കാൻ ആറ് സംഘങ്ങളെയെങ്കിലും നിയോഗിക്കണമെന്ന് നഗരസഭാ അധികൃതർ കരാറുകാരനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപ്പായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. മയ്യനാട് സെക്ഷൻ പരിധിയിലെ ഡിവിഷനുകളിൽ സ്വകാര്യ ഏജൻസി സ്ഥാപിച്ച എൽ.ഇ.ഡി ലൈറ്റുകൾ തിരഞ്ഞെടുപ്പ് കാലത്ത് പോലും തെളിയിച്ചില്ലെന്നും പരാതിയുണ്ട്.