clock-tower
വേണേൽ അരമണിക്കൂർ മുമ്പേ പുറപ്പെടാം... ചിന്നക്കടയിലെ ക്ളോക്ക് ടവർ. രണ്ട് ക്ളോക്കുകളിൽ കാണിക്കുന്നത് രണ്ട് സമയം

 സമയം തെറ്റിയോടി ചിന്നക്കടയിലെ ക്ളോക്ക് ടവർ

കൊല്ലം: ജില്ലയുടെ മുഖമായി മാറിയ ചിന്നക്കട ക്ളോക്ക് ടവറിനോട് കാലാകാലങ്ങളായി അധികൃതർ പുലർത്തുന്ന അനാസ്ഥ പുതിയ ഭരണകർത്താക്കളും ആചാരമെന്ന പോലെ തുടരുന്നു. ടവറിന്റെ നാലുചുറ്റിലുമുള്ള ക്ളോക്കുകൾ പല സമയങ്ങൾ കാട്ടുന്നത് കൂടാതെ ഒന്നുപോലും കൃത്യസമയം സൂചിപ്പിക്കുന്നില്ലെന്നത് ഈ അനാസ്ഥയുടെ പ്രത്യക്ഷ ഉദാഹരണമാണ്.

മുൻപൊക്കെ ക്ളോക്ക് ടവറിന്റെ അറ്റകുറ്റപണികൾ നടത്തുകയും കൃത്യമായി പരിപാലിക്കുകയും ചെയ്തിരുന്നു. അന്ന് ഓരോ മണിക്കൂറിലും സമയം സൂചിപ്പിക്കുന്നതിനായി മണി മുഴങ്ങുകയും ചെയ്തിരുന്നു. ഇപ്പോൾ മണിമുഴക്കവും നിലച്ച് സമയവും തെറ്റിയ ക്ളോക്കുകൾ ഒാടിയാൽ ഒാടി നിന്നാൽ നിന്നു എന്ന അവസ്ഥയിലാണ്.

പരിപാലനമെന്നത് കേവലം മിനുക്കുപണികളിൽ മാത്രമായി ഒതുങ്ങിയിരിക്കുകയാണ് നിലവിൽ. മണിമേടയെ പഴയ പ്രതാപത്തിലേക്ക്‌ തിരികെയെത്തിക്കാൻ നഗരസഭ തയ്യാറാകണമെന്നത് നാട്ടുകാരുടെ ഏറെനാളായുള്ള ആവശ്യമായി തുടരുകയാണ്.

 മുഖമാണ്, സ്മാരകമാണ്

കൊല്ലം മുനിസിപ്പൽ ചെയർമാനായിരുന്ന ഉണിച്ചക്കംവീട് കെ.ജി. പരമേശ്വരൻപിള്ളയോടുള്ള ആദരസൂചകമായാണ് ചിന്നക്കടയിൽ ക്ളോക്ക് ടവർ പണിയിച്ചത്. കുമ്മായം, ഇഷ്ടിക എന്നിവ ഉപയോഗിച്ച് നിർമ്മിച്ച മണിമേട 1944ലാണ് പൂർത്തിയായത്. ടൂറിസം വകുപ്പ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളും രാഷ്ട്രീയ പാർട്ടികളും അടക്കം ചിന്നക്കട ക്ളോക്ക് ടവറിന്റെ ചിത്രം കൊല്ലം ജില്ലയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നുണ്ട്.