ചാത്തന്നൂർ: പഞ്ചായത്ത് തല ആസൂത്രണ സമിതി രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ഭരണ - പ്രതിപക്ഷ അംഗങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ചിറക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം അലങ്കോലപ്പെട്ടു. വാക്കേറ്റത്തെ തുടർന്ന് കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് ഓഫീസ് പടിക്കൽ പ്രതിഷേധിച്ചു.
പതിനാറംഗ ഗ്രാമപഞ്ചായത്തിൽ ഭരണപക്ഷത്തുള്ള എൽ.ഡി.എഫിന് ഒരു സ്വതന്ത്രൻ ഉൾപ്പെടെ എട്ട് അംഗങ്ങളാണുള്ളത്. കോൺഗ്രസിന് ആറും ബി.ജെ.പിക്ക് രണ്ടും അംഗങ്ങളുണ്ട്. ആസൂത്രണ കമ്മിറ്റിയിൽ പ്രസിഡന്റും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും ഒഴികെയുള്ള പത്ത് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇന്നലെ ചർച്ച നടന്നത്.
മുൻ ഭരണസമിതിയുടെ കാലത്തുണ്ടായിരുന്ന അംഗങ്ങളെ നിലനിറുത്തണമെന്ന ഭരണകക്ഷി അംഗങ്ങളുടെ വാദത്തെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ കെ. സുജയ്‌കുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് അംഗങ്ങൾ എതിർത്തു. അഞ്ച് അംഗങ്ങളെ ആവശ്യപ്പെട്ട കോൺഗ്രസിന് രണ്ട് അംഗങ്ങളെ നൽകിയാൽ മതിയെന്ന് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഭിപ്രായപ്പെട്ടതോടെയാണ് വാക്കേറ്റമുണ്ടായത്. ബി.ജെ.പിയും രണ്ട് അംഗങ്ങളെ ആവശ്യപ്പെട്ടു. ബഹളം തുടർന്നതോടെ യോഗം നിറുത്തിവച്ചു.
പഞ്ചായത്ത് പടിക്കൽ നടന്ന കോൺഗ്രസ് പ്രതിഷേധത്തിന് പാർലമെന്ററി പാർട്ടി ലീഡർ കെ. സുജയ് കുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബി പരമേശ്വരൻ, ദിലീപ് ഹരിദാസൻ, കെ. സുരേന്ദ്രൻ, ഉളിയനാട് ജയൻ, മേരിറോസ് തുടങ്ങിയവർ പങ്കെടുത്തു. ബി.ജെ.പി പ്രതിഷേധത്തിൽ പഞ്ചായത്ത് അംഗങ്ങളായ രാഗിണി, രതീഷ് എന്നിവരും പങ്കെടുത്തു.