ചെലവഴിച്ചത് പദ്ധതി വിഹിതത്തിന്റെ 22.53 ശതമാനം
കൊല്ലം: അമൃത് പദ്ധതിയിൽ അനുവദിച്ച തുക ചെലവഴിക്കുന്നതിൽ കൊല്ലം കോർപ്പറേഷൻ ഏറ്റവും പിന്നിൽ. അറുപത് പദ്ധതികളിലായി അനുവദിച്ച 212.94 കോടിയിൽ 47.99 കോടി മാത്രമാണ് ചെലവഴിച്ചത്. പദ്ധതി പുരോഗമനം സംബന്ധിച്ച റിപ്പോർട്ടിലാണ് കണക്കുകളുള്ളത്.
രാജ്യത്തെ 500 നഗരങ്ങളിൽ നടപ്പാക്കുന്ന പദ്ധതിയിൽ സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളും മൂന്ന് മുനിസിപ്പാലിറ്റികളും ഉൾപ്പെടും. സംസ്ഥാനത്തെ കണക്കനുസരിച്ച് 22.53 ശതമാനം മാത്രമാണ് കൊല്ലത്ത് ചെലവഴിച്ച തുക. 65.21 ശതമാനം തുകചെലവഴിച്ച ആലപ്പുഴയാണ് പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് ഏറ്റവും മുന്നിൽ.
ജില്ലയിൽ പദ്ധതി ഇഴയുമ്പോൾ മറ്റിടങ്ങളിൽ പദ്ധതി വളരെവേഗം മുന്നേറുകയാണ്. അറുപത് പദ്ധതികളിൽ ഇരുപത്തിയെട്ടെണ്ണം മാത്രമാണ് ജില്ലയിൽ പൂർത്തിയായത്. കഴിഞ്ഞ മാർച്ചിൽ പദ്ധതികൾ പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഒരുവർഷത്തിനിപ്പുറവും പദ്ധതികൾ ഇഴയുകയാണ്.
അമൃത് പദ്ധതി
കുടിവെള്ളം, മാലിന്യ സംസ്കരണം, നഗരഗതാഗതം, ഓടകളുടെയും പാർക്കുകളുടെയും നിർമ്മാണം, നവീകരണം തുടങ്ങി അഞ്ചിന പദ്ധതികൾക്കായി രൂപീകരിച്ച കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് അമൃത് (അടൽ മിഷൻ ഫോർ റെജുവിനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ).
ജില്ലയിൽ ആകെ പദ്ധതികൾ: 60
പൂർത്തിയായത്: 28
അനുവദിച്ചത്: 253.45 കോടി
ടെണ്ടർ ചെയ്തത്: 212.94 കോടി
ചെലവഴിച്ചത്: 47.99 കോടി
പദ്ധതികൾ - എണ്ണം - അനുവദിച്ച തുക (കോടി)
ജലവിതരണം - 18 - 118.91
മലിനജല സംരക്ഷണം - 4 - 40.35
ഓടകൾ - 21 - 29.16
നഗരഗതാഗതം - 10 - 20.79
പാർക്കുകൾ - 7 - 3.73
''
ജലവിതരണ പദ്ധതികൾക്കായി റോഡ് വെട്ടിപ്പൊളിക്കുന്നതിന് വകുപ്പ് തല നടപടികൾ വൈകുന്നതാണ് തുക വിനിയോഗിക്കുന്നതിൽ പിന്നാക്കം പോകാൻ കാരണം.
അധികൃതർ