കരുനാഗപ്പള്ളി: കേര വെളിച്ചെണ്ണ ഉല്പാദനത്തോടൊപ്പം നെൽകൃഷിയിലേയ്ക്കും ചുവട് ഉറപ്പിക്കുകയാണ് പുതിയകാവ് കേരഫെഡ് ഫാക്ടറി. കേരഫെഡിന്റെ അധീനതയിലുള്ള 10 ഏക്കർ പാടത്താണ് കൃഷി ഇറക്കിയത്. നെൽകൃഷിയെ പരിപോഷിപ്പിക്കുക എന്ന കൃഷി വകുപ്പിന്റെ നിർദ്ദേശം ഉൾക്കൊണ്ടാണ് കേരഫെഡ് മാനേജ്മെന്റും തൊഴിലാളി യൂണിയനുകളും സംയുക്തമായി നെൽകൃഷിയിലേക്ക് ഇറങ്ങിയത്.
നൂറ് മേനി വിളവ്
മൂന്ന് വർഷമായി തരിശായി കിടന്ന പാടത്താണ് കേരഫെഡ് നെൽകൃഷി ചെയ്തത്. നൂറ് മേനി വിളവ് ലഭിക്കുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. മൂന്ന് വർഷം മുമ്പ് വരെ കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകളായിരുന്നു പാടത്ത് കൃഷി ഇറക്കിയിരുന്നത്. ഇക്കുറി വിത്ത് വിതക്കാൻ സമയം അതിക്രമിച്ചതിനാൽ വിളവ് കൂടുതലുള്ളതും പ്രതികൂല കാലാവസ്ഥയെ അതിജീവിക്കുന്നതുമായ ചേറാടി വിത്ത് മുളപ്പിച്ച് വിതക്കുകയായിരുന്നു. 2020 മേയ് മാസം അവസാനത്തോടെയായിരുന്നു വിത്ത് വിതച്ചത്.
ചേറാടി
അത്യുല്പാദന ശേഷിയുള്ള ഉമ നെൽച്ചെടികളെ അപേക്ഷിച്ച് ചേറാടി നെൽച്ചെടികൾക്ക് നീളവും, ആരോഗ്യവും വിളവും കൂടുതലാണ്. പണ്ടൊക്കെ പഴമക്കാർ ചേറാടി വിത്ത് മുണ്ടകപ്പാടത്താണ് സാധാരണയായി വിതച്ചിരുന്നത്.
വിളവെടുപ്പ് നാളെ
നെൽകൃഷിക്ക് കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ തൊഴിൽ സേനയുടെ സേവനങ്ങളും കേരഫെഡ് അധികൃതർക്ക് ലഭിച്ചിരുന്നു. ചേറായി വിത്ത് പുറത്തുനിന്നാണ് വിലക്ക് വാങ്ങിയത്. ഇതിന്റെ സബ്സിഡി നെൽകൃഷിയുടെ വിളവെടുപ്പിന് ശേഷം കൃഷി വകുപ്പിൽ നിന്നും ലഭിക്കും. കൃഷി ഇറക്കുമായി ബന്ധപ്പെട്ട് കേരഫെഡിന് 1.20 ലക്ഷം രൂപാ ചെലവായി. നെൽകൃഷിയുടെ വിളവെടുപ്പ് നാളെ രാവിലെ 8 മണിക്ക് മന്ത്രി സുനിൽകുമാർ നിർവഹിക്കും. കൊയ് ത്തിന് ശേഷം നെല്ലും വൈക്കോലും ലേലം ചെയ്യുമെന്ന് കേരഫെഡ് അധികൃതർ അറിയിച്ചു. അടുത്ത സീസണിൽ 10 ഏക്കർ സ്ഥലത്തും എള്ള് കൃഷി ചെയ്യുന്നതിനുള്ള പ്രാരംഭ നടപടികളും ആരംഭിച്ച് കഴിഞ്ഞു. കേരഫെഡ് ഡയറക്ടർ ആർ.സോമൻപിള്ള ചെയർമാനും പ്ലാന്റ് മാനേജർ ബി.ജെ ജോർജ്ജ് കൺവീനറും, കെ.രാജശേഖരൻ, വിജയകുമാർ, എസ്.ഗോപകുമാർ, വി.രവികുമാർ, ജയപ്രകാശ്, അബ്ദുൽ റസാഖ് എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റിയാണ് കൃഷിക്ക് നേതൃത്വം നൽകിയത്.