train

 വിദ്യാർത്ഥികൾക്ക് കൺസഷൻ ടിക്കറ്റ് നൽകാതെ പോക്കറ്റടി

കൊല്ലം: പാസഞ്ചർ ട്രെയിനുകളും സീസൺ ടിക്കറ്റും പുനരാരംഭിക്കാത്തത് വിദ്യാർത്ഥികളെയും വലയ്ക്കുന്നു. ജില്ലയ്ക്കുള്ളിലും അയൽ ജില്ലകളിലും തുടർച്ചയായി യാത്ര ചെയ്യേണ്ട വിദ്യാർത്ഥികൾക്കാണ് ഓരോ ആഴ്ചയിലും ആയിരക്കണക്കിന് രൂപ അധികം ചെലവഴിക്കേണ്ടിവരുന്നത്.
റോഡ് ഗതാഗതം പൂർണമായും തുറന്നുകൊടുത്തിട്ടും റെയിൽവേ അധികൃതർ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാത്തതാണ് വിദ്യാർത്ഥികൾക്ക് തിരിച്ചടിയായത്.
പ്രൊഫഷണൽ കോളേജ്, ആർട്‌സ് ആൻഡ് സയൻസ് കോളേജ്, സ്വകാര്യ സ്ഥാപനങ്ങൾ, ടെക്‌നിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പഠിക്കുന്ന 65,000 ലേറെ വിദ്യാർത്ഥികൾ ജില്ലയിലുണ്ട്. ജില്ലയിൽ മാത്രം 99 കോളേജുകളുമുണ്ട്. ഇതിൽ അവസാന വർഷക്കാർക്ക് ക്ലാസ് ആരംഭിച്ചത് ഡിസംബർ അവസാനമാണ്.

അന്ന് മുതൽ ഇന്നുവരെ വലിയ തുക ചെലവഴിച്ചാണ് വിദ്യാർത്ഥികൾ ക്ലാസുകളിൽ പങ്കെടുക്കുന്നത്. സയൻസ് വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കൽ പരീക്ഷയും പ്രോജക്ട് വർക്കുകളും നടന്നുവരുന്നതിനാൽ ക്ളാസുകൾ ഒഴിവാക്കാനും കഴിയില്ല.
മൂന്ന് മാസം യാത്ര ചെയ്യാൻ സ്റ്റുഡന്റ്സ് കൺസഷൻ ടിക്കറ്റിൽ പരമാവധി 300 രൂപ മതിയായിരുന്നു. എന്നാലിപ്പോൾ ദിവസവും നൂറും ഇരുന്നൂറും രൂപ ചെലവഴിക്കേണ്ടിവരുന്നു. റിസർവ് ചെയ്ത് പോകേണ്ടതിനാൽ പലരും കെ.എസ്.ആർ.ടിയെയാണ് ആശ്രയിക്കുന്നത്. കൃത്യസമയത്ത് കോളേജുകളിലെത്താൻ കഴിയാത്തതിനാൽ പലരും സംയുക്ത ചെലവിൽ സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. സാമ്പത്തിക ശേഷിയില്ലാത്ത നിരവധി കുട്ടികളുടെ പഠനവും ഇതോടെ മുടങ്ങിയിട്ടുണ്ട്.