കൊല്ലം: ജില്ലാ ആശുപത്രിയിൽ ആധുനിക സി.ടി സ്‌കാൻ മെഷീൻ സ്ഥാപിക്കുന്നതിന് ജില്ലാ പഞ്ചായത്ത് യോഗത്തിൽ തീരുമാനമായി. പ്രസിഡന്റ് സാം.കെ. ഡാനിയലിന്റെ അദ്ധ്യക്ഷതയിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത ആദ്യ യോഗത്തിലാണ് തീരുമാനം. നിലവിൽ ഉപയോഗിക്കുന്ന 4 സ്ലൈസ് സി.ടി സ്‌കാൻ മെഷീനിന്റെ കാലപ്പഴക്കം പരിഗണിച്ചാണ് പുതിയ മെഷീൻ വാങ്ങാൻ തീരുമാനമെടുത്തത്. 5 കോടി രൂപ ഇതിലേയ്ക്ക് വകയിരുത്തും. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡ് മുഖേന 128 സ്ലൈസ് ആധുനിക സി.ടി സ്‌കാൻ മെഷീനാണ് വാങ്ങുന്നത്.
ജനറൽ, പട്ടികജാതി മേഖലകളിൽ കുടിവെള്ള പദ്ധതികൾ നടപ്പാക്കുന്നതിന് 2.5 കോടി രൂപ വകയിരുത്തും. സാഫല്യം ഭവനനിർമ്മാണ പദ്ധതി കുരിയോട്ടുമല പട്ടികവർഗ കോളനിയിൽ ഫെബ്രുവരിയിൽ ആരംഭിക്കാനും യോഗം തീരുമാനിച്ചു. അഞ്ച് കുടുംബങ്ങൾക്കാണ് ഈ സാമ്പത്തിക വർഷം വീടുകൾ നിർമ്മിച്ച് നൽകുന്നത്. ജില്ലാ പഞ്ചായത്ത് പെരിനാട് സ്‌കൂളിൽ ആരംഭിച്ച ബോക്‌സിംഗ് അക്കാഡമി ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിക്കും.
അംഗങ്ങളായ എൻ.എസ്. പ്രസന്നകുമാർ, ജയശ്രീ വാസുദേവൻ പിള്ള , ബ്രിജേഷ് എബ്രഹാം, എസ്. ഷൈൻകുമാർ, ഡോ. കെ. ഷാജി, എസ്. സെൽവി, ആർ. രശ്മി, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. വൈസ് പ്രസിഡന്റ് എസ്. സുമലാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജെ. നജീബത്ത്, വസന്ത രമേശ്, ഡോ. പി.കെ. ഗോപൻ, അഡ്വ. അനിൽ എസ് കല്ലേലിഭാഗം, സെക്രട്ടറി കെ. പ്രസാദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.