santhosh
എഴുകോൺ സന്തോഷ്

കൊല്ലം : തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് പുറത്തിറക്കിയ വിപ്ലവ ഗാനം തിരഞ്ഞെടുപ്പ് കഴിഞ്ഞും വൈറലായി തുടരുന്നതിന്റെ സന്തോഷത്തിലാണ് എഴുകോൺ സന്തോഷ് .

പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ ജോ. സെക്രട്ടറിയും സി.ഐ.ടി.യു. നേതാവുമായ സന്തോഷ് രചിച്ച രക്തപതാകയെന്ന ആൽബമാണ് കേരളമെമ്പാടുമുള്ള ഇടത് പ്രവർത്തകർ നെഞ്ചേറ്റിയിരിക്കുന്നത്.

വൈറലായ ആൽബം
മന്ത്രി ഡോ.കെ .ടി.ജലീലിന്റെ ഓൺലൈൻ പേജിലൂടെയാണ് വിപ്ലവ ഗാനം റിലീസ് ചെയ്തത്.പിന്നീട് വിവിധ നവ മാദ്ധ്യമങ്ങൾ ഏറ്റെടുത്ത ഗാനത്തിന് ഇതിനകം ആയിരക്കണക്കിന് ഷെയറും പതിനായിരക്കണക്കിന് പ്രേക്ഷകരേയും ലഭിച്ചു കഴിഞ്ഞു.തിരഞ്ഞെടുപ്പ് കാലത്ത് നിരവധി സ്ഥാനാർത്ഥികളുടെ പ്രൊമോ വീഡിയോ തയ്യാറാക്കാൻ ഈ പാട്ടിന്റെ ഈരടികൾ ഉപയോഗിച്ചിരുന്നു. പിന്നീട് വിജയാഹ്ലാദ ചിത്രീകരണത്തിലൂടെയും പാട്ട് വൈറലായി.

പാങ്ങോട് രാധാകൃഷ്ണൻ സംഗീതവും അഞ്ചൽ വേണു ഓർക്കസ്ട്രയും ഒരുക്കിയ ഗാനം ചന്ദ്രഗുപ്തൻ കുഴിമതിക്കാടാണ് ആലപിച്ചിരിക്കുന്നത്. പുരോഗമന കലാ സാഹിത്യ സംഘം നെടുവത്തൂർ ഏരിയാ കമ്മിറ്റിയുടെ ബാനറിൽ നാടക പ്രവർത്തകനായ അമൽ മുട്ടറയുടെ നേതൃത്വത്തിൽ ഒരുക്കിയ ദൃശ്യങ്ങൾക്ക് പിന്നാലെ നിരവധി മറ്റ് ദൃശ്യങ്ങളും ഇതേ പാട്ടിനെ അവലംബിച്ച് പുറത്തു .

സന്തോഷിലെ രാഷ്ട്രീയക്കാരൻ
ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ പ്രസിഡന്റും സി.ഐ.ടി.യു. ജില്ലാ കമ്മിറ്റിയംഗവുമായ സന്തോഷിലെ രാഷ്ട്രീയക്കാരൻ എഴുത്തിന്റെ വഴികളിലൂടെയാണ് വ്യത്യസ്ഥനാകുന്നത്.
കവിതകളും പാട്ടുകളും എഴുതിയിരുന്ന സന്തോഷ് തന്റെ തന്നെ സംഗീത ആൽബങ്ങളുടെ ദൃശ്യ സംവിധായകനെന്ന നിലയിലും ശ്രദ്ധേയനാണ്.സന്തോഷിന്റെ ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പുകൾ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റി വെച്ചതോടെയാണ് സംഗീത ആൽബം എന്ന ആശയം ഉണ്ടായത്.
SANTHOSH MBI എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ആൽബങ്ങളെ ഹൃദയ പൂർവമാണ് പ്രേക്ഷകർ വരവേറ്റത്.ചുരുങ്ങിയ സമയത്തിനുള്ളിൽ ആയിരത്തിൽ പരം വരിക്കാരെ ലഭിച്ച ചാനലിന് അര ലക്ഷത്തോളം പ്രേക്ഷകരേയും ലഭിച്ചു കഴിഞ്ഞു.
നവ മാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായ ഇടത് ചിന്തകൾ പങ്കു വയ്ക്കുന്ന സന്തോഷ് അടുത്ത കാലത്ത് ഡി.സി.സി. ജനറൽ സെക്രട്ടറി പദവി ഉപേക്ഷിച്ച് ഇടത് പക്ഷത്ത് എത്തിയ ആളാണെന്ന പ്രത്യേകതയും ഉണ്ട്.