ദേശീയപാതയിൽ പ്രതിഷേധവുമായി നാട്ടുകാർ
ചാത്തന്നൂർ: ദേശീയപാതയിൽ നിരോധിത മേഖലയിൽ യു ടേൺ എടുത്ത സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികരായ അശ്വതി (31), വിജയലക്ഷ്മി (45) എന്നിവരെ നിസാര പരിക്കുകളോടെ പാരിപ്പള്ളി മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഒൻപത് മണിയോടെ ചാത്തന്നൂർ സംതൃപ്തി ഹാളിന് മുന്നിലായിരുന്നു അപകടം. ചാത്തന്നൂർ ദേശീയപാതയിൽ പൊലീസ് സ്റ്റേഷന് സമീപമാണ് വാഹനങ്ങൾക്ക് യു ടേൺ എടുക്കാവുന്നത്. എന്നാൽ തിരുമുക്ക് ഭാഗത്ത് നിന്നുവന്ന സ്വകാര്യബസ് നിയമംലംഘിച്ച് സംതൃപ്തി ഹാളിന് മുന്നിൽ യു ടേൺ എടുത്തതോടെ തിരുവനന്തപുരം ഭാഗത്ത് നിന്നുവന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
പൊലീസ് എത്തുന്നതിന് മുമ്പ് ജീവനക്കാർ ബസ് സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിച്ചതിനെ തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞിട്ടു. പ്രതിഷേധവുമായി നാട്ടുകാർ സംഘടിച്ചത് ദേശീയപാതയിൽ ഏറെനേരം ഗതാഗതക്കുരുക്കും സൃഷ്ടിച്ചു. ചാത്തന്നൂർ പൊലീസ് കേസെടുത്തു.