കൊല്ലം: നഗരപരിധിയിലെ പാതയോരങ്ങൾ പൂച്ചെടികളും അലങ്കാരസസ്യങ്ങളും നട്ടുപിടിപ്പിച്ച് മനോഹരമാക്കുന്നു. നഗരസഭയുടെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി മേവറം മുതൽ ശക്തികുളങ്ങര വരെയുള്ള റോഡ് ശുചീകരിച്ച് സൗന്ദര്യവത്കരിക്കാനാണ് തീരുമാനം.
സൗന്ദര്യവത്കരണത്തിന്റെ ഉദ്ഘാടനം നഗരാതിർത്തിയായ മേവറത്ത് മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു. ഈ മാസം 26നകം സൗന്ദര്യവത്കരണം പൂർത്തിയാക്കാനാണ് ആലോചന.
മാടൻനടയ്ക്ക് സമീപം വെണ്ടർമുക്കിലെ കശുഅണ്ടി ഫാക്ടറിക്ക് മുന്നിലെ ദേശീയപാതയോരം സ്ഥിരം മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്നു. ഇവിടെ മാലിന്യം നിക്ഷേപം കർശനമായി നിയന്ത്രിച്ച നഗരസഭയുടെ ആരോഗ്യവിഭാഗം ഇവിടെ 300 മീറ്റർ നീളത്തിൽ പൂച്ചെടികൾ വച്ചുപിടിപ്പിച്ച് മനോഹരമാക്കി കഴിഞ്ഞു.
മുൻപ് അനധികൃത വഴിയോരകച്ചവട കേന്ദ്രമായിരുന്ന ഇവിടം ഒഴിപ്പിച്ചതോടെയാണ് മാലിന്യനിക്ഷേപം തുടങ്ങിയത്. പിന്നീട് പൂച്ചെടികൾ വച്ചുപിടിച്ചെങ്കിലും സാമൂഹ്യവിരുദ്ധർ പിഴുതുകളഞ്ഞു. ഇത്തരം പ്രതിസന്ധികളെ അതിജീവിച്ച് 6 മാസത്തെ കഠിനപരിശ്രമം കൊണ്ടാണ് സൗന്ദര്യവത്കരിച്ച് ബോധവത്കരണ സന്ദേശ ബോർഡുകൾ അടക്കം സ്ഥാപിക്കാനായതെന്ന് പ്രർത്തനത്തിന് നേതൃത്വം നൽകിയ നഗരസഭ വടക്കേവിള സോണൽ ഹെൽത്ത് ഇൻസ്പെക്ടർ ജി. സാബു അറിയിച്ചു. ഇത് മാതൃകയാക്കിയാണ് മറ്റ് സ്ഥലങ്ങളും സൗന്ദര്യവത്കരിക്കുന്നത്.
വെണ്ടർമുക്കിലെ സൗന്ദര്യവത്കരണം ഇന്നലെ മേയർ സന്ദർശിച്ചു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ യു. പവിത്ര, കൺസിലർ എം. സജീവ് എന്നിവരും ഒപ്പമുണ്ടായിരുന്നു.