ഇന്ത്യൻ ജനത സ്നേഹാദരവുകളോടെ ദേശീയ നേതാക്കളെ ബാപ്പുജിയെന്നും ചാച്ചാജിയെന്നും വിളിച്ചപ്പോൾ നേതാവേ എന്നർത്ഥത്തിൽ നേതാജിയെന്നു അഭിസംബോധന ചെയ്തത് സുഭാഷ് ചന്ദ്ര ബോസിനെ മാത്രമാണ്. ആ മൂന്നക്ഷരം ഇന്നും ഭാരതീയർക്ക് ദേശാഭിമാനത്തിന്റെ ആവേശം പകരുന്ന മന്ത്രമാണ്.
സ്വാമി വിവേകാനന്ദ ദർശനങ്ങളോടുള്ള താത്പര്യവും ബ്രിട്ടീഷുകാരോട് സുഭാഷിൽ വർദ്ധിച്ചുവരുന്ന വിരോധവും മനസ്സിലാക്കിയ പിതാവ് ജാനകീനാഥ ബോസ് അദ്ദേഹത്തെ ഐ.സി.എസ് പരീക്ഷയ്ക്കായി നിർബന്ധിച്ച് ഇംഗ്ലണ്ടിലേക്ക് അയച്ചു. നാലാം റാങ്കോടു കൂടിയാണ് പരീക്ഷ പാസ്സായത്.എന്നാൽ ബ്രിട്ടീഷ് സർക്കാരിനു കീഴിൽ ഒരു ഉദ്യോഗസ്ഥനായിരിക്കുവാൻ കഴിയില്ലായെന്ന് വീട്ടുകാരെ വിവരം അറിയിച്ച ശേഷം ഐ.സി.എസ് പദവിയുംഉപേക്ഷിച്ചിട്ടാണ് ഇംഗ്ലണ്ടിൽ നിന്നും ഇന്ത്യയിലേക്ക് കപ്പൽ കയറിയത്.
1921 ജൂലായ് 16നു ബോംബെയിലെത്തിയ സുഭാഷ് മഹാത്മാഗാന്ധിയുടെ ബോംബെയിലെ വസതിയായ മണിഭവനിലെത്തി അദ്ദേഹത്തെ കണ്ടു. നിയമനിഷേധ സമരങ്ങളിലൂടെ ബ്രിട്ടീഷുകാരെ തുരത്താമെന്ന ഗാന്ധിജിയുടെ അഭിപ്രായത്തോട് യോജിക്കാൻ 24 വയസ്സ് മാത്രം പ്രായമുള്ള ആ യുവാവിനു കഴിഞ്ഞില്ല. കൽക്കത്തയിലേക്ക് പോകാനും ചിത്തരഞ്ജൻ ദാസിനോടൊപ്പം പ്രവർത്തിക്കാനും ഗാന്ധിജി ആവശ്യപ്പെട്ടു.ജവഹർലാൽ നെഹ്റുവിനോപ്പം കോൺഗ്രസിലെ യുവനേതാക്കന്മാരിൽ പ്രമുഖനായി . 1938ൽ സുഭാഷ് ചന്ദ്രബോസ് കോൺഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബോസുമായി പലകാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും ഗാന്ധിജി തന്നെയാണ് ബോസിന്റെ പേര് പ്രസിഡന്റ് പദവിയിലേക്ക് നിർദ്ദേശിച്ചത്. കോൺഗ്രസിനെ ഒരു വിപ്ലവ സ്വഭാവമുള്ള, ബ്രിട്ടീഷുകാരുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഒരു സംഘടനയാക്കി മാറ്റുവാൻ അദ്ദേഹം ശ്രമിച്ചു. അതിന്റെ ഫലമായി ഗാന്ധിജിയുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായി. അതിനാൽ 1939ൽ സുഭാഷിനെതിരായി ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പട്ടാഭി സീതാരാമയ്യയെ നാമനിർദ്ദേശം ചെയ്തു.
എന്നാൽ കോൺഗ്രസിലെ ചെറുപ്പക്കാരും വിപ്ലവകാരികളും സുഭാഷിനെ വീണ്ടും പ്രസിഡന്റായി നിർദ്ദേശിച്ചു. വാശിയേറിയ തിരഞ്ഞെടുപ്പിൽ സുഭാഷ് ചന്ദ്രബോസ് ജയിച്ചു.
രണ്ടാം ലോക മഹായുദ്ധത്തിന്റെ കേളികൊട്ട് ആരംഭിച്ചിരുന്ന സമയമായിരുന്നു അത്. ബ്രിട്ടൻ കൂടി പങ്കെടുക്കുന്ന യുദ്ധത്തിന്റെ സാഹചര്യം ഇന്ത്യയുടെ മോചനത്തിന് പ്രയോജനപ്പെടുത്തണമെന്നായിരുന്നു ബോസിന്റെ അഭിപ്രായം. ഇതിനെതിരായിരുന്നു ഗാന്ധിജി. അഭിപ്രായ ഭിന്നതയ്ക്കെടുവിൽ സുഭാഷ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. തന്റെ ആശയഗതികളോട് യോജിക്കുന്നവരെ ചേർത്ത് പുതിയ സംഘടനയുണ്ടാക്കി -ഫോർവേഡ് ബ്ലോക്ക്.
ഫോർവേഡ് ബ്ലോക്കിന്റെ സംഘടനാ ലക്ഷ്യം തന്നെ സാമ്രാജ്യത്വത്തോടുള്ള സന്ധിയില്ലാത്ത സമരമാണെന്ന് സുഭാഷ് ചന്ദ്ര ബോസ് പ്രഖ്യാപിച്ചു. അതിനാൽ ബ്രിട്ടീഷ് ഭരണകൂടം ഫോർവേഡ് ബ്ലോക്കിനെ നിരോധിച്ചു. നേതാക്കളെയൊക്കെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു. എന്നാൽ അതിസാഹസികമായി സുഭാഷ് ചന്ദ്ര ബോസ് വീട്ടുതടങ്കലിൽ നിന്നും 1941 ജനുവരി 16നു ഇന്ത്യയിൽ നിന്നും രക്ഷപ്പെട്ടു. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ആ സമയത്ത് അദ്ദേഹം ജർമ്മനിയിൽ എത്തി ഇന്ത്യൻ ലീജിയനും സിംഗപ്പൂരിൽ എത്തി ഐ.എൻ. എയും സ്വതന്ത്ര ഇന്ത്യാ ഗവണ്മെന്റും സംഘടിപ്പിച്ചു. 1943 ഒക്ടോബർ 24നു ആംഗ്ലോഅമേരിക്കൻ ശക്തികൾക്കെതിരായി യുദ്ധം പ്രഖ്യാപിച്ചു. ജപ്പാന്റെ സഹായത്തോടുകൂടി നടത്തിയ ആ യുദ്ധത്തിൽ ജയിക്കാനായില്ലെങ്കിലും ബ്രിട്ടീഷുകാരുടെ പിന്മാറ്റം ത്വരിതപ്പെടുത്താൻ ഐ.എൻ.എക്ക് കഴിഞ്ഞു. 1921 മുതൽ 1941 വരെയാണ് ഇന്ത്യയിൽ സുഭാഷ് ചന്ദ്ര ബോസിന്റെ സജീവ രാഷ്ട്രീയ പ്രവർത്തനം. ഈ 20 വർഷത്തിനിടയിൽ വിവിധ കാലയളവുകളിലായി അദ്ദേഹം 11 വർഷം ജയിലിലായിരുന്നു.
1945 ഓഗസ്റ്റ് 6നും 9നും അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബ് വർഷിക്കുന്നത്. ജപ്പാൻ കീഴടങ്ങിയതോടു കൂടി ഐ.എൻ.എ യും സേനാ പിന്മാറ്റം ആരംഭിച്ചു. അങ്ങനെ തായ്വാനിലെ തായ് ഹുക്കു വിമാനത്താവളത്തിൽ നിന്നും മഞ്ചൂറിയ ലക്ഷ്യമാക്കി പറന്നുയർന്ന ജപ്പാന്റെ ബോംബർ വിമാനം തകർന്നു അദ്ദേഹം മരിച്ചുവെന്ന കഥയാണ് പിന്നീട് ലോകമറിഞ്ഞത്. എന്നാൽ അദ്ദേഹത്തിന്റെ തിരോധാനം അന്വേഷിച്ച അവസാനത്തെ അന്വേഷണ കമ്മിഷനായ ജസ്റ്റിസ് മുഖർജി കമ്മിഷൻ തെളിവുകൾ നിരത്തി കണ്ടെത്തിയത് ഇങ്ങനെയൊരു വിമാനപകടം നടന്നിട്ടില്ല എന്നാണ്.
അതിനാൽ വിമാനാപകടത്തിൽ നേതാജി മരിച്ചുവെന്നത് ഒരു കെട്ടുകഥയാണ്. നേതാജിയുടെ തിരോധാനം ഇന്നും ലോകചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു സമസ്യയാണ്. അതിനാൽ നേതാജിയുടെ ജന്മദിനം മാത്രമാണ് ഭാരതിയർ ആഘോഷിക്കുന്നത്. മൃത്യു ഇല്ലാത്ത നേതാവാണ് അദ്ദേഹം .ഇന്ത്യൻ രാഷ്ട്രീയത്തിലെ ചിരഞ്ജീവി.
(ആൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് ദേശീയ
സെക്രട്ടറിയാണ് ലേഖകൻ )