കൊല്ലം: ജില്ലാ കളക്ടർക്ക് പോലും കണ്ണുതുറക്കാനാകാത്ത വിധം കളക്ടറേറ്റ് പുകയുന്നു. മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിലൂടെ രാവും പകലും കളക്ടറേറ്റും പരിസരവും പുക നിറയുന്നത് വർഷങ്ങളേറെയായിട്ടും മാറ്റമില്ലാതെ തുടരുകയാണ്. അവധി ദിവസങ്ങളിൽ പോലും കളക്ടറേറ്റ് വളപ്പിൽ മാലിന്യം കത്തിച്ച് പുകയ്ക്കരുതെന്ന് പലതവണ കളക്ടർ നിർദ്ദേശിച്ചെങ്കിലും ഫലവുമുണ്ടായില്ല.
ഭക്ഷണം കൊണ്ടുവരുന്ന ഇലയും പേപ്പറുകളും അടക്കമുള്ള മാലിന്യമാണ് കളക്ടറേറ്റിന്റെ തെക്കേ ഗേറ്റിനടുത്തുള്ള കാന്റീന് സമീപത്ത് കൂട്ടിയിട്ട് കത്തിക്കുന്നത്. രാത്രിയിലാണ് കത്തിക്കുന്നതെങ്കിലും രാവിലെയായാലും പച്ച ഇലകളും മറ്റും കത്താതെ പുകഞ്ഞുകൊണ്ടിരിക്കും. ഉദ്യോഗസ്ഥർക്ക് പുറമെ കളക്ടറേറ്റിലെത്തുന്ന പൊതുജനങ്ങളും ഈ പുക ശ്വസിക്കേണ്ടി വരികയാണ്. ചിലർക്ക് ഇതുമൂലം ശ്വാസതടസവും ഉണ്ടാകുന്നുണ്ട്.
കളക്ടറേറ്റിലെ മാലിന്യം സംസ്കരിക്കുന്നതിന് പ്രത്യേക ഫണ്ടും സംവിധാനവും ശുചിത്വമിഷനുണ്ട്. പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം മാലിന്യം നിക്ഷേപിച്ച് വളമാക്കാനുള്ള സൗകര്യമുണ്ടെങ്കിലും ആരും തിരിഞ്ഞുനോക്കാതെ ഈ പ്രദേശം കാടുകയറിക്കിടക്കുകയാണ്.
ഗ്രീൻ ട്രൈബ്യൂണൽ ഉത്തരവിന് പുല്ലുവില
ഓഫീസ് വളപ്പുകളിൽ കരിയില പോലും കത്തിക്കരുതെന്ന ഗ്രീൻ ട്രൈബ്യൂണൽ ഉത്തരവ് കാറ്റിൽപ്പറത്തിയാണ് ഈ 'പുകയ്‌ക്കൽ' എന്നത് ശ്രദ്ധേയമാണ്. ഹരിതചട്ടം നടപ്പിലാക്കാൻ ഓഫീസുകൾ കയറിയിറങ്ങുന്ന ശുചിത്വമിഷൻ ഉദ്യോഗസ്ഥർക്ക് പോലും കളക്ടറേറ്റിനെ ഈ ശാപത്തിൽ നിന്ന് മോചിപ്പിക്കാൻ സാധിക്കുന്നില്ല.