326 കോടിയോളം രൂപ ചെലവ്
പുനലൂർ: കോടികൾ ചെലവഴിച്ച് പുനലൂർ- ചെങ്കോട്ട റെയിൽ പാത ബ്രോഡ് ഗേജ് പാതയാക്കി മാറ്റിയെങ്കിലും യാത്രക്കാർക്ക് യാതൊരു പ്രയോജനവും ഇല്ല. മൂന്ന് വർഷം മുമ്പ് 326 കോടിയോളം രൂപ ചെലവഴിച്ചാണ് പുനലൂർ-ചെങ്കോട്ട മീറ്റർഗേജ് പാത ബ്രോഡ്ഗേജ് പാതയാക്കി മാറ്റിയത്.തുടർന്ന് നാല് എക്സ്പ്രസ് ട്രെയിനുകൾ ഉൾപ്പടെ അഞ്ച് പാസഞ്ചർ വണ്ടികളും ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നു.കൊവിഡ് വ്യാപനങ്ങളെ തുടർന്ന് എട്ട് മാസം മുമ്പ് എല്ലാ ട്രെയിനുകളുടെയും സർവീസ് നിറുത്തി വച്ചിരുന്നു.എന്നാൽ നിയന്ത്രണങ്ങൾ പിൻ വലിച്ചതോടെ കേരളത്തിൽ ഉൾപ്പടെ രാജ്യത്താകെ ട്രെയിൻ സർവീസ് ആരംഭിച്ചിട്ടും കൊല്ലം-തെങ്കാശി റൂട്ടിൽ നിറുത്തി വച്ച പാസഞ്ചർ അടക്കമുള്ള ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാത്തതിൽ പ്രതിഷേധം വ്യാപകമാകുകയാണ്.
സ്റ്രോപ്പ് അനുവദിക്കണം
പാലരുവി, ചെന്നൈ-എഗ്മോർ എക്സ്‌പ്രസ് ട്രെയിനുകളുടെ സർവീസുകൾ ഭാഗീകമായി പുനരാരംഭിച്ചെങ്കിലും ചുരുക്കം ചില റെയിൽവേ സ്റ്റേഷനുകളിൽ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചത്. ചെങ്കോട്ട മുതൽ കൊല്ലം വരെയുളള പ്രധാന സ്റ്റേഷനുകളിൽ അടിയന്തരമായി സ്റ്റോപ്പ് അനുവദിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി.റെയിൽവേ ജനറൽ മാനേജർക്ക് കത്ത് നൽകുകയും കേന്ദ്ര റെയിൽവേ മന്ത്രിയുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. എന്നിട്ടും നടപടികൾ നീണ്ട് പോകുകയാണ്.ഇത് കാരണം കിഴക്കൻ മലയോര മേഖലയിലെ യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. കേരള-തമിഴ്നാട് അന്തർ സംസ്ഥാന വ്യാപാര ബന്ധവും നിലച്ചിരിക്കുകയാണ്.ഇത് രണ്ട് സംസ്ഥാനങ്ങളുടെയും സാമ്പത്തിക ഭദ്രതയെ നിലവിൽ തകിടം മറിച്ചിരിക്കുകയാണ്.
റെയിൽവേ പാതയിൽ വന്യമൃഗങ്ങൾ
തെന്മല ഇക്കോ ടൂറിസം മേഖലയിൽ ട്രെയിൻ സർവീസ് നിറുത്തി വച്ചതോടെ സഞ്ചാരികൾക്ക് എത്താനും കഴിയാത്ത അവസ്ഥയാണ് .കോടികൾ ചെലവഴിച്ച് പുനലൂർ-ചെങ്കോട്ട റെയിൽവേ ഗേജ്മാറ്റം പൂർത്തിയാകുമ്പോൾ കിഴക്കൻ മലയോര മേഖലയുടെ മുഖച്ഛായ മാറുമെന്ന പ്രതീക്ഷയിലായിരുന്നു മലയോര വാസികൾ.എന്നാൽ ഗേജ് മാറ്റത്തിന്റെ പേരിൽ റെയിൽവേയുടെ ഖജനാവിൽ നിന്ന് കോടികൾ തുലച്ചതല്ലാതെ സാധാരണ ജനങ്ങൾക്ക് യാതൊരു പ്രയോജനവും ലഭിച്ചിട്ടില്ല.ഒരു ഡസൻ പാസഞ്ചർട്രെയിനുകൾക്ക് പുറമെ ഇത് വഴി രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക്ആവശ്യത്തിന് സൂപ്പർ ഡീലക്സ് എക്സ്പ്രസ് ട്രെയിനുകൾ ഓടിക്കുമെന്ന് ബ്രോഡ്ഗേജ് പാത സമർപ്പണ ചടങ്ങിൽ അധികൃതർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അന്ന് ആരംഭിച്ച പാസഞ്ചർ ട്രെയിൻ സർവീസ് പോലും ഇപ്പോൾ നിലനിറുത്താൻ കഴിയാത്തതിനെതിരെയാണ് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും മലയോരവാസികളും പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. രാത്രികാലങ്ങളിൽ വിജനമായ റെയിൽവേ പാതയിലൂടെ വന്യമൃഗങ്ങൾവരെ സഞ്ചരിക്കാൻ തുടങ്ങിയത് സമീപവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.