തൊടിയൂർ: ഒരു പ്രദേശത്തിന്റെ മുഖമുദ്രയായിരുന്ന കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിലെ മാളിയേക്കൽ റെയിൽവേ ഗേറ്റ് താമസിയാതെ അപ്രത്യക്ഷമാകും. മാളിയേക്കൽ ഓവർബ്രിഡ്ജ് വരുന്നതോടെയാണ് ഗേറ്ര് പൊളിച്ച് മാറ്റുന്നത്. 63 വർഷങ്ങൾക്കപ്പുറം ആദ്യത്തെ ഇ. എം. എസ് മന്ത്രിസഭയുടെ കാലത്ത് കേരള ഗവർണറായിരുന്ന പി.എസ്. റാവു ഉദ്ഘാടനം ചെയ്ത എറണാകുളം- കൊല്ലം റെയിൽപ്പാതയിൽ മാളിയേക്കൽ ജംഗ്ഷനിൽ സ്ഥാപിച്ച ഈ റെയിൽവേ ഗേറ്റിന് പഴമയുടെ കഥകൾ നിരവധി പറയാനുണ്ട്.
കൽക്കരിവണ്ടിയിൽ നിന്ന് ഇലക്ട്രിക് ട്രെയിനിലേയ്ക്ക്
അന്ന് മീറ്റർഗേജ് ലൈനിൽ കൽക്കരിവണ്ടികളാണ് ഓടിയിരുന്നത്. ദിവസത്തിൽ മുന്നോ നാലോ വണ്ടികൾ മാത്രം. റോഡുഗതാഗതവും വളരെ കുറവായിരുന്നു. ഓച്ചിറ - കടപുഴ, ആലുംകടവ് -പറക്കോട്, കരുനാഗപ്പള്ളി - പത്തനംതിട്ട എന്നീ റൂട്ടുകളിൽ സർവീസ് നടത്തുന്ന ചുരുക്കം ചില സ്വകാര്യ ബസുകളാണുണ്ടായിരുന്നത്. ലോറികളും കാറുകളും വളരെ ചുരുക്കമായിരുന്നു. ബഹു ഭൂരിപക്ഷം ആൾക്കാരും കാൽനടയാത്രക്കാരായിരുന്നു. സൈക്കിൾ വളരെക്കുറച്ച് പേർക്ക് മാത്രമാണുണ്ടായിരുന്നത്. എന്നാൽ ചരക്ക് കൊണ്ടു പോകുന്നതിന് വ്യാപകമായി ഉപയോഗിച്ചിരുന്ന കാളവണ്ടികൾ ധാരളമായി ഇതുവഴി കടന്നു പോയിരുന്നു.
പിന്നീട് ഈ മീറ്റർഗേജ് ലൈനിനെ ബ്രോഡ്ഗേജ് ലൈനാക്കി മാറ്റി. അതോടെ മീറ്റർ ഗേജ് ലൈനും കൽക്കരി വണ്ടികളും അപ്രത്യക്ഷമായി. ബ്രോഡ്ഗേജ് പാതയിക്കൂടി ഡീസൽ എൻജിൻ വണ്ടികളാണ് ഓടിയത്.
വണ്ടികളുടെ എണ്ണം വർദ്ധിച്ചതോടെ പാത ഇരട്ടിപ്പിക്കൽ അനിവാര്യമായി. ഡീസൽ എൻജിനുകൾക്കൊപ്പം ഇലക്ട്രിക് ട്രെയിനുകളും ഓടിത്തുടങ്ങി.
ഓവർബ്രിഡ്ജിന്റെ നിർമ്മാണോദ്ഘാടനം ഇന്ന്
ദീർഘദൂര ട്രെയിനുകളുൾപ്പടെ പ്രതിദിനം 120 ട്രെയിനുകൾ വരെ കടന്നു പോകുന്ന പാതയായി മാറി. മിക്ക സമയത്തും ട്രെയിൻ കടന്നു പോകുന്നതിനായി ഗേറ്റ് അടച്ചിടേണ്ട നിലയായി. ട്രെയിൻ കടന്നു പോകുന്നതിനായി അടയ്ക്കുന്ന ഗേറ്റ് ഇരുവശങ്ങളിൽ നിന്നുമുള്ള വണ്ടികൾ കടന്നുപോയശേഷം തുറക്കുമ്പോഴേയ്ക്കും വലിയ തിക്കും തിരക്കുമാണനുഭവപ്പെടുന്നത്. ഗേറ്റ് തുറക്കുമ്പോൾ ഇരുവശത്തുനിന്ന് ലെവൽ ക്രോസിനുള്ളിൽ കിടക്കുന്ന വാഹനങ്ങൾ കുടുങ്ങി കിടന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. അത്യാസന്ന നിലയിൽ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയ നിരവധി രോഗികൾ ഇവിടെ കുടുങ്ങിപ്പോകുകയും യഥാസമയം ചികിത്സ ലഭിക്കാതെ മരിക്കുകയും ചെയ്തിട്ടുണ്ട്. ജോലി സ്ഥലങ്ങളിൽ എത്താൻ തിടക്കപ്പെട്ടെത്തുന്നവരും മറ്റ് അത്യാവശ്യ യാത്രക്കാരുമൊക്കെ ഇവിടെ കുടുങ്ങിപ്പോകുക പതിവാണ്. ഇവരൊക്കെ എത്രയോ കാലമായി ആഗ്രഹിക്കുന്നതാണ് ഇവിടൊരു ഓവർബ്രിഡ്ജ്. ആ ആഗ്രഹസാഫല്യത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. 35 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഓവർബ്രിഡ്ജിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.