train

 ചെലവ് തൊഴിലാളികൾക്ക് താങ്ങാനാവുന്നില്ല

കൊല്ലം: റെയിൽവേ സീസൺ ടിക്കറ്റ് പുനഃസ്ഥാപിക്കാത്തതിനാൽ സാധാരണക്കാരായ തൊഴിലാളികളുടെ പോക്കറ്റും കാലിയാകുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ചെങ്ങന്നൂർ, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കായംകുളം, പുനലൂർ, ഹരിപ്പാട്, ചങ്ങനാശേരി, മാവേലിക്കര എന്നിവിടങ്ങളിൽ ജോലിക്ക് പോകുന്ന തൊഴിലാളികളാണ് കിട്ടുന്ന ശമ്പളത്തിന്റെ നാലിലൊന്നും ടിക്കറ്റിന് വേണ്ടി മുടക്കുന്നത്.

കൂലിവേല, മേസ്തിരിപ്പണി, പ്ലംബിഗ്, വയറിംഗ്, പെയിന്റിംഗ്, ടൈലിംഗ്, വീടുകളുടെ അറ്റകുറ്റപ്പണികൾ, കരാർ ജോലികൾക്ക് പോകുന്നവരാണ് ഇതോടെ ദുരിതത്തിലായത്. മുൻപ് മാസം 200 മുതൽ 300 രൂപ വരെ കൊടുത്ത് സീസൺ ടിക്കറ്റെടുത്താണ് യാത്ര ചെയ്തിരുന്നത്. 700 മുതൽ 800 രൂപ വരെയാണ് ഇവരുടെ ദിവസക്കൂലി. ഇതിൽ നിന്ന് ദിവസവും 150 മുതൽ 200 രൂപവരെ ടിക്കറ്റിന് മാത്രം ചെലവാകും. ബസിനെ ആശ്രയിച്ചാൽ നല്ലൊരു തുക ചെലവാകുന്നതിനൊപ്പം സമയത്തിന് എത്താനും കഴിയില്ല. ജോലിയുണ്ടെങ്കിലും കൂലിയിൽ നിന്ന് നല്ലൊരു തുക ചെലവാകുന്നത് സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റും താളം തെറ്റിച്ചു.

 പാസഞ്ചറില്ല, ജീവിതം പഞ്ചറായി


ട്രെയിനിൽ ചായ വിറ്റ് ജീവിച്ചിരുന്നയാളാണ് അമ്പലപ്പുഴ സ്വദേശി ഉസ്മാൻ. ദീർഘദൂര ട്രെയിനുകളിൽ കയറാറില്ല. കോട്ടയം -കൊല്ലം, കൊല്ലം- ആലപ്പുഴ പാസഞ്ചറുകളിലെ പതിവ് യാത്രക്കാരായിരുന്നു ആശ്രയം. പാസഞ്ചറും മെമുവും ഇല്ലാതായതോട ഉസ്മാന്റെ ജീവിതവും വഴിമുട്ടി. കടകൾ ധാരാളമുള്ളതിനാൽ വീടിനടുത്ത് പെട്ടിക്കട പോലും തുടങ്ങാനാവില്ല. കപ്പലണ്ടിയും വടയും പഴയും കാപ്പിയുമൊക്കെ വിറ്റ് ജീവിച്ചിരുന്നവരും ഇതേ പ്രതിസന്ധിയിലാണ്.

 പത്തുമാസമായി പട്ടിണിയുടെ വക്കിൽ


ട്രെയിനിൽ ബുക്കുകളും മാസികയും വിറ്റ് ഉപജീവനം നടത്തിയിരുന്ന കൊല്ലം മങ്ങാട് സ്വദേശി സുരേഷ് ചന്ദ്രന്റെ ജീവിതവും താളം തെറ്റി. പത്തുമാസമായി പട്ടിണിയുടെ വക്കിലൂടെയാണ് കടന്നുപോകുന്നത്. ഓടുന്ന ട്രെയിനുകളിൽ ആളുകൾ കുറവാണ്. പാസഞ്ചർ, മെമു സർവീസുകൾ ആരംഭിച്ചാലേ കച്ചവടം പച്ചപിടിക്കൂ. ഇടയ്ക്ക് വേണാടിൽ കയറി നോക്കി. ഭൂരിഭാഗം ബോഗികളും കാലിയാണ്. റിസർവ് ചെയ്ത് യാത്ര ചെയ്യേണ്ടിവരുന്നതാണ് യാത്രക്കാരെ അകറ്റിയത്.

''

സീസൺ ടിക്കറ്റ് അനുവദിച്ച് ട്രെയിൻ ഗതാഗതം പഴയപോലെ പുനരാംരംഭിക്കണം. അവസാനം തുറക്കുമെന്ന് പ്രതീക്ഷിച്ച തീയേറ്ററുകളും തുറന്നു. എന്നിട്ടും ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാത്തതിന് ന്യായീകരണമില്ല. ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണം.

എം. മുകേഷ് എം.എൽ.എ

''
ഇത് സാധാരണക്കാരോടും ഉദ്യോഗസ്ഥരോടുമുള്ള വെല്ലുവിളിയാണ്. ജനത്തിന് ചെലവ് കുറച്ച് യാത്ര ചെയ്യണമെങ്കിൽ റെയിൽവേ പഴയതുപോലെ സർവീസുകൾ പുനരാരംഭിക്കണം. നിയന്ത്രണങ്ങൾ പാലിച്ചാൽ മതിയാവും. വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും വലയുകയാണ്.

എം. നൗഷാദ് എം.എൽ.എ

''
റെയിൽവേയുടെ നടപടി മോശം അവസ്ഥയാണ് സൃഷ്ടിച്ചിട്ടുള്ളത്. മാദ്ധ്യമങ്ങൾ തുറന്ന് കാട്ടുന്നത് പച്ചയായ യാഥാർത്ഥ്യങ്ങളാണ്. ഇത് ഉന്നതരെ അറിയിക്കാൻ റെയിൽവേയുടെ തലപ്പത്തുള്ളവർ തയ്യാറാകണം. ട്രെയിൻ ഗതാഗതം പഴയതുപോലെ ഉടൻ പുനഃസ്ഥാപിക്കണം.

ആർ. രാമചന്ദ്രൻ എം.എൽ.എ