palam

 അമൃത് പദ്ധതികൾ ഇഴയുന്നു

കൊല്ലം: അമൃത് പദ്ധതിയിൽ കോർപ്പറേഷൻ പരിധിയിൽ കാൽനട യാത്രക്കാർക്കായി നിർമ്മിക്കുന്ന അഞ്ച് മേൽപാലങ്ങളിൽ പൂർത്തിയായത് രണ്ടെണ്ണം മാത്രം. ഹൈസ്‌കൂൾ ജംഗ്‌ഷൻ, ചെമ്മാൻമുക്ക് എന്നിവിടങ്ങളിലെ മേൽപാലങ്ങൾ തുറന്നുകൊടുത്തെങ്കിലും മറ്റുള്ളവയുടെ നിർമ്മാണ നടപടികൾ ഇഴയുകയാണ്.

ഇതിൽ പാർവതി മിൽ ജംഗ്‌ഷനിലെ മേൽപാലത്തിന്റെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ചിന്നക്കട, എസ്.എൻ കോളേജ് എന്നിവിടങ്ങളിലാണ് മറ്റുള്ള രണ്ട് പാലങ്ങൾ നിർമ്മിക്കാൻ പദ്ധതിയുള്ളത്. എന്നാൽ ഇവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ എന്ന് ആരംഭിക്കുമെന്നോ എപ്പോൾ പൂർത്തിയാകുമെന്നോ ആർക്കും നിശ്ചയമില്ല.

നഗരഗതാഗതവിഭാഗത്തിൽ ഉൾപ്പെടുത്തി പത്ത് പദ്ധതികൾക്കായി 24.44 കോടി രൂപയാണ് അനുവദിച്ചത്. നടപ്പാതകളിൽ കാലോചിതമായ നവീകരണം, റെയിൽവേ സ്റ്റേഷൻ പരിസരത്ത് മൾട്ടിലെവൽ വാഹനപാർക്കിംഗ് എന്നിവയെല്ലാം ഇതിലുൾപ്പെടും. പത്ത് പദ്ധതികളിൽ 2.40 കോടി ചെലവഴിച്ച് നാലെണ്ണം മാത്രമാണ് പൂർത്തിയായിട്ടുള്ളത്. നഗരസഭയാണ് ഇവയുടെ നിർവഹണ ഏജൻസി.

 നഗരഗതാഗത പദ്ധതികൾ: 10
 പൂർത്തിയായത്: 4
 പദ്ധതി തുക: 24.44 കോടി
 ചെലവഴിച്ചത്: 2.40 കോടി
 മേൽപാലങ്ങൾ: 5
 പൂർത്തിയായത്: 2