photo
എൻ.ജനാർദ്ദനൻ നായർ

കൊല്ലം: പവിത്രേശ്വരം കെ.എൻ.എൻ.എം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരും ഗാന്ധിയനുമായ എൻ.ജനാർദ്ദനൻ നായർക്ക് നാടിന്റെ അന്ത്യാഞ്ജലി. കർമ്മ മേഖലകളിലെല്ലാം തന്റേതായ സൗമ്യ സാന്നിദ്ധ്യവും നേതൃഗുണവും അടയാളപ്പെടുത്തി എല്ലാവർക്കും പ്രിയപ്പെട്ടവനായി മാറിയ അപൂർവ വ്യക്തിത്വമായിരുന്നു ജനാർദ്ദനൻ നായരുടേത്. പുത്തൂർ പാങ്ങോട് കുഴിക്കലിടവക ഹൈസ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തുടർ പഠനത്തിന് ശേഷം ഇതേ സ്കൂളിൽ അദ്ധ്യാപകനായി 1964ൽ ജോലിയിൽ പ്രവേശിച്ചു. തുടർന്ന് എൻ.എസ്.എസിന്റെ കീഴിലുള്ള ഒറ്റപ്പാലം എൻ.എസ്.എസ് ഹൈസ്കൂൾ, കരിക്കോട് ശിവറാം എൻ.എസ്.എസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായും ചൂരക്കോട് എൻ.എസ്.എസ് ഹൈസ്കൂളിൽ പ്രഥമാദ്ധ്യാപകനായും ജോലി ചെയ്ത് വലിയ ശിഷ്യ സമ്പത്തുണ്ടാക്കി. തുടർന്ന് പവിത്രേശ്വരം യു.പി സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തിയതോടെ ഇവിടെ പ്രഥമാദ്ധ്യാപകനായി. പിന്നീട് മാനേജരുമായി. 1988ൽ സർവീസിൽ നിന്നും വിരമിച്ചു.ഗാന്ധിജയൻ തത്വങ്ങളുമായി പൊതുസമൂഹത്തിലേക്ക് ഇറങ്ങി പ്രവർത്തിച്ചു. പവിത്രേശ്വരത്തും ആറ്റുവാശേരിയിലും നെയ്ത്ത് സഹകരണ സംഘങ്ങൾ രൂപീകരിച്ചു. ഖാദി വ്യവസായ സഹകരണ സംഘം വെട്ടിക്കവല ബ്ളോക്ക് പ്രസിഡന്റുമായി. എൻ.എസ്.എസ് പ്രതിനിധി സഭാംഗമായി ദീർഘനാൾ പ്രവർത്തിച്ചു. സർവോദയ മണ്ഡലം ജില്ലാ പ്രസിഡന്റ്, മദ്യനിരോധന സമിതി നേതാവ്, പെൻഷണേഴ്സ് യൂണിയൻ ഭാരവാഹി തുടങ്ങി വിവിധ സംഘടനകളിൽ സജീവ നേതൃത്വമായി പ്രവർത്തിച്ചു. പുത്തൂർ, പവിത്രേശ്വരം കുളമുടിയിൽ കുടുംബാംഗമാണെങ്കിലും കുന്നിക്കോട് വൃന്ദാവനത്തിലായിരുന്നു താമസം.

അനുസ്മരണം

പവിത്രേശ്വരം കെ.എൻ.എൻ.എം.എച്ച്.എസ്.എസ് ആഡിറ്റോറിയത്തിൽ ചേർന്ന അനുസ്മരണ യോഗത്തിൽ പി.ടി.എ പ്രസിഡന്റ് സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് പ്രതിനിധി എൻ.കെ.മണി, ഹെഡ്മാസ്റ്റർ എം.ജെ.പ്രസന്നകുമാർ, പ്രിൻസിപ്പൽ ആർ.എസ്.നിർമ്മൽ കുമാർ, പി.ആർ.മംഗളാനന്ദൻ പിള്ള, കെ.ബി.മുരളീകൃഷ്ണൻ, ബി.എസ്.ഗീത, വി.വിദ്യ, രജിതാ ലാൽ, ആഷിഷ്, ജി.ഗോപകുമാർ, എസ്.മിനി, എം.എം.ജയരാജ്, സന്തോഷ് കുമാർ, കൃഷ്ണകുമാർ, പ്രമോദ്.ജി.കൃഷ്ണൻ എന്നിവർ സംസാരിച്ചു.