abhi
അഭിജിത്ത്

കൊല്ലം: പാരിപ്പള്ളിയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച യുവാവ് രണ്ട് മണിക്കൂറിനുള്ളിൽ പിടിയിലായി. നെയ്യാറ്റിൻകര ഉദിയൻകുളങ്ങര ഊരാളിവിളാകത്ത് പുത്തൻവീട്ടിൽ അഭിജിത്താണ് (24) പിടിയിലായത്.

സിറ്റി കൺട്രോൾ റൂമിലെ എ.എസ്.ഐ പ്രേംനാഥ്, സീനിയർ സി.പി.ഒ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബൈപ്പാസിൽ പട്രോളിംഗ് നടത്തുകയായിരുന്നു. കടവൂരിലെത്തിയ പട്രോളിംഗ് സംഘം ഒരു യുവാവ് ബൈക്കിന്റെ പെട്രോൾ ടാങ്ക് പരിശോധിക്കുന്നത് കണ്ടു. സമീപത്തെത്തിയപ്പോൾ യുവാവ് കമ്പി ഉപയോഗിച്ച് പെട്രോൾ ടാങ്ക് തുറക്കാൻ ശ്രമിക്കുകയായിരുന്നെന്ന് മനസിലായി. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പട്രോളിംഗ് സംഘം വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഞ്ചാലുംമൂട് പൊലീസ് അഭിജിത്തിനെ കസ്റ്റഡിയിൽ എടുത്തു.

പാരിപ്പള്ളി കൊടിമൂട്ടിൽ ക്ഷേത്രം റോഡിൽ പാതവക്കിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച് കടക്കുകയായിരുന്നു അഭിജിത്ത്. കടവൂരിൽ എത്തിയപ്പോൾ പെട്രോൾ തീർന്നതോടെയാണ് ടാങ്ക് കുത്തിത്തുറക്കാൻ ശ്രമിച്ചത്. മോട്ടോർ വാഹനവകുപ്പിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ബൈക്ക് മോഷണം പോയ വിവരം ഉടമയായ എൻജിനിയറിംഗ് വിദ്യാർത്ഥി അറിഞ്ഞത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അഞ്ചാലുംമൂട് സി.ഐ കെ. അനിൽകുമാർ, എ.എസ്.ഐമാരായ ബാബുക്കുട്ടൻ, പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അഭിജിത്തിനെ കസ്റ്റഡിയിൽ എടുത്തത്.