കൊല്ലം: പ്രളയബാധിതർക്കായി ടി.കെ.എം എൻജിനിയറിംഗ് കോളേജ് ബാക്ക് ടു ഹോം പദ്ധതിയിലുൾപ്പെടുത്തി മലപ്പുറം ജില്ലയിലെ എടപ്പാൾ ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ ലക്ഷം വീട് കോളനിയിൽ ആലിമാക്കാനകത്ത് വീട്ടിൽ എ. മുസ്തഫയ്ക്കും വാത്തിപ്പറമ്പിൽ വീട്ടിൽ കല്യാണിക്കുട്ടിക്കും വീടുകൾ നിർമ്മിച്ച് നൽകി. ഒരു വീട് ടി.കെ.എം കോളജ് ട്രസ്റ്റും മറ്റൊരു വീട് പൂർവ വിദ്യാർത്ഥി സംഘടനയുമാണ് നിർമ്മിച്ചത്.
എടപ്പാൾ പെരുമ്പറമ്പിൽ നാളെ രാവിലെ 10ന് നടക്കുന്ന ചടങ്ങ് മന്ത്രി ഡോ. കെ.ടി ജലീൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വീടുകളുടെ താക്കോൽ ദാനവും നടക്കും. എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ അദ്ധ്യക്ഷയാകും. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സി. രാമകൃഷ്ണൻ, ടി.കെ.എം കോളേജ് ട്രസ്റ്റ് അദ്ധ്യക്ഷൻ ഡോ. ഷഹാൽ ഹസൻ മുസലിയാർ, കേരള സാങ്കേതിക സർവകലാശാല പ്രോ. വൈസ് ചാൻസലർ ഡോ. എസ്. അയൂബ് എന്നിവർ മുഖ്യാതിഥികളാകും.
ടി.കെ.എം എൻജി. കോളേജ് പ്രിൻസിപ്പൽ ഡോ. ടി.എ. ഷാഹുൽഹമീദ് പ്രൊഫ. ജി. ജയകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗായത്രി, എടപ്പാൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രഭാകരൻ, അഡ്വ. പി.പി. മോഹൻദാസ്, ഇ.കെ.ദിലീഷ്, ക്ഷമ റഫീക്ക്, പി.വി. ലീല, വി.പി. വിദ്യാധരൻ, ഇ. ബാലകൃഷ്ണൻ, പി.പി. ബിജോയ്, ടി.കെ.എം. കോളേജ് ട്രസ്റ്റ് അംഗം ഡോ. എം. ഹാറൂൺ, ടി.കെ.എം എൻജി. കോളേജ് അക്കാഡമിക് ഡീൻ ഡോ. എ. അഷ്ഫാക്ക്, ആർക്കിടെക്ട് പ്രൊഫ. കെ.എ. അയ്യപ്പൻ, സൈറ്റ് എൻജിനിയർ പി. പ്രകാശൻ, പൂർവ വിദ്യാർത്ഥി മുഹമ്മദലി എന്നിവർ പങ്കെടുക്കും. രാജേഷ് മാസ്റ്റർ സ്വാഗതവും കെ.പി. നിസാറുദ്ദീൻ നന്ദിയും പറയും.
ബാക്ക് ടു ഹോം പദ്ധതിയിൽ നൽകുന്ന പതിനഞ്ചാമത്തെയും പതിനാറാമത്തെയും വീടുകളാണിവ. മൺറോത്തുരുത്ത്, പന്തളം, ബുധനൂർ, പാണ്ടനാട്, ചമ്പക്കുളം, ആറാട്ടുപുഴ, കരിക്കോട്, പേരൂർ, താഴംപണ, കാഞ്ഞാവെളി, വെള്ളിമൺ എന്നിവിടങ്ങളിലാണ് മറ്റ് വീടുകൾ നിർമ്മിച്ച് നൽകിയത്.