കൊല്ലം: ജില്ലയിൽ വീണ്ടും കൊവിഡ് വ്യാപനം കുതിക്കുന്നു. ഈ മാസം ഇതുവരെ 9,944 പേർക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനിടയിൽ 4,514 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതിന് മുൻപുള്ള പത്ത് ദിവസത്തിൽ 3,724 പേർക്ക് മാത്രമായിരുന്നു രോഗബാധ.
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം രോഗബാധ കുതിക്കാൻ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി പരിശോധനകളും വ്യാപകമാക്കി. എന്നാൽ ഇപ്പോഴത്തെ വർദ്ധനവിന് തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. കൊവിഡ് പ്രതിരോധത്തിനുള്ള സാമൂഹ്യഅകലം അട്ടിമറിക്കപ്പെടുന്നതാണ് ഇപ്പോഴത്തെ കുതിച്ചുയരലിന് കാരണം. പുതിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പരിശോധനകൾ ഊർജിതമാക്കിയിട്ടുണ്ട്.
ആകെ കൊവിഡ് ബാധിതർ: 69,602
രോഗമുക്തർ: 64,235
മരണം: 270
ഇന്നലെ കൊവിഡ് 573
ജില്ലയിൽ ഇന്നലെ 573 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ വിദേശത്ത് നിന്ന് വന്നതാണ്. ഒരാൾക്ക് രോഗം ബാധിച്ച ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 571 പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ഇന്നലെ 290 പേർ രോഗമുക്തരായി.
രോഗബാധയിൽ അഞ്ചാം സ്ഥാനം
ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ ജില്ല അഞ്ചാം സ്ഥാനത്താണ്. മലപ്പുറത്താണ് ഏറ്റവുമധികം പേർക്ക് ഇതുവരെ രോഗം ബാധിച്ചത്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ ജില്ല നാലാമതും കൊവിഡ് മരണത്തിൽ ഏഴാം സ്ഥാനത്തുമാണ്.
രോഗമുക്തിയിൽ ആശ്വാസം
രോഗവ്യാപനം വർദ്ധിക്കുമ്പോഴും കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ പേർ രോഗമുക്തരായത് ചെറിയ ആശ്വാസമാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ 3,616 പേരാണ് രോഗമുക്തരായത്.