snatching

 കവർന്നത് മുൻ ബ്ളോക്ക് പഞ്ചായത്തംഗത്തിന്റെ ബാഗ്

ചാത്തന്നൂർ: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും ആശാപ്രവർത്തകയുമായ ജയലക്ഷ്മിയുടെ പണവും രേഖകളും അടങ്ങിയ ബാഗ് നമ്പർ പതിക്കാത്ത സ്കൂട്ടറിലെത്തിയ യുവാക്കൾ കവർന്നു.

ഇന്നലെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ കാരംകോട് ശീമാട്ടി ജംഗ്‌ഷന് സമീപമായിരുന്നു സംഭവം. ചാത്തന്നൂരിൽ നിന്ന് വരിഞ്ഞത്തെ വീട്ടിലേയ്ക്ക് പോകുകയായിരുന്നു ജയലക്ഷ്മി. ഈ സമയം നമ്പർ പതിക്കാത്ത സ്‌കൂട്ടറിൽ പിന്തുടർന്ന രണ്ടുപേർ ബാഗ് തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു.

കിടപ്പുരോഗികളുടെ ചികിത്സാരേഖകളും അയ്യായിരത്തോളം രൂപയും എ.ടി.എം കാർഡുകളും ഡ്രൈവിംഗ് ലൈസൻസും മറ്റുമാണ് ബാഗിൽ ഉണ്ടായിരുന്നത്. ഒരു മണിക്കൂറിന് ശേഷം കല്ലുവാതുക്കൽ- വേളമാനൂർ റോഡിൽ വട്ടക്കുഴിക്കലിന് സമീപത്ത് നിന്ന് രണ്ട് എ.ടി.എം കാർഡുകളും ഡ്രൈവിംഗ് ലൈസൻസും ഉപേക്ഷിച്ച നിലയിൽ തിരിച്ചുകിട്ടി. സി.സി ടി.വി കാമറാ ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ചാത്തന്നൂർ പൊലീസ്.

 പിന്നിൽ നമ്പർ പതിക്കാറില്ല
പിന്നിൽ നമ്പർ പതിക്കാത്ത നിരവധി ഇരുചക്ര വാഹനങ്ങൾ നിരത്തിലിറങ്ങുന്നുണ്ട്. പൊലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും താക്കീത് നൽകി വിട്ടയയ്ക്കുകയാണ് പതിവ്. ചില കേസുകളിൽ രാഷ്ട്രീയക്കാർ ഇടപെട്ട് വാഹനം കേസില്ലാതെ ഇറക്കിക്കൊണ്ടു പോകുന്നതായി ആരോപണമണ്ട്.