കൊല്ലം: ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശ്രാമം ഇ.എസ്.ഐ ആശുപത്രി ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടിനെ ഉപരോധിച്ചു. പൊതു - സ്വകാര്യ പങ്കാളിത്തത്തിന്റെ പേരിൽ ഐ.സി.യു ഉൾപ്പടെയുള്ള ചികിത്സാ വിഭാഗങ്ങൾ പൂർണമായും സ്വകാര്യവത്കരിക്കുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഉപരോധം മണിക്കൂറുകൾ നീണ്ടതോടെ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
ജില്ലാ സെക്രട്ടറി എസ്.ആർ. അരുൺ ബാബു ഉദ്‌ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. സുധീർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. ഷബീർ, കൊല്ലം ബ്ലോക്ക് സെക്രട്ടറി നാസിമുദ്ദീൻ, അഭിലാഷ്, ഷമീർ, കണ്ണൻ എന്നിവർ നേതൃത്വം നൽകി.
ഉത്തർപ്രദേശിലെ ബറേലി ആസ്ഥാനമായുള്ള ഷീൽ നഴ്സിംഗ് ഹോം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനമാണ് ഇപ്പോൾ ഐ.സി.യു പ്രവർത്തിപ്പിക്കുന്നത്. രോഗികളുടെ പരിചരണത്തിന് ആവശ്യമായ ജീവനക്കാരെ നിയോഗിക്കാനോ മരുന്നുകൾ എത്തിക്കാനോ ഈ കമ്പനി തയ്യാറാവുന്നില്ലെന്നും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ആരോപിച്ചു.