ragendu

കൊല്ലം: ബോട്ടിൽ ആർട്ടിലും ചിത്രകലയിലും വിസ്മയമാകുകയാണ് കരുനാഗപ്പള്ളി തൊടിയൂർ ശ്രീബുദ്ധാ സെൻട്രൽ സ്കൂളിലെ അഞ്ചാംക്ളാസ് വിദ്യാർത്ഥിനിയായ രാഗേന്ദു. ലോക്ക് ഡൗൺ കാലത്ത് സ്കൂൾ അടച്ചിട്ട അവസരത്തിലാണ് വീട്ടിലിരുന്ന് രാഗേന്ദു കാലിക്കുപ്പികളും പാഴ് വസ്തുക്കളും കരവിരുതിലൂടെ അലങ്കാരമാക്കിയത്.

കുലശേഖരപുരം കുറുങ്ങപ്പള്ളി കോമളത്ത് മണിലാൽ- ഇന്ദു ദമ്പതികളുടെ ഇളയമകളാണ് രാഗേന്ദു. കുഞ്ഞുനാളിലേ വരകളോടും വർണങ്ങളോടും കൗതുകം കാട്ടിയിരുന്ന രാഗേന്ദുവിന് അമ്മ ഇന്ദുവും മുത്തശി ഉഷാമണിയുമാണ് പ്രോത്സാഹനം. റോഡരികിലും മറ്റും ഉപേക്ഷിക്കുന്ന ചില്ലുകുപ്പികളിൽ വ്യത്യസ്ത നിറങ്ങളിലും വേറിട്ട വരകളിലുമാണ് രാഗേന്ദുവിന്റെ കലാവിരുതുകൾ. എൽ.കെ.ജി തലം മുതൽ സ്കൂളിൽ വിവിധ മത്സരങ്ങളിൽ ജേതാവായ രാഗേന്ദുവിന് വരകളോടും വർണങ്ങളോടുമാണ് ഏറെ ഇഷ്ടം.

ഡ്രോയിംഗ് പേപ്പറുകളിലും മറ്റും നിരവധി ചിത്രങ്ങളാണ് രാഗേന്ദു ഇക്കാലത്ത് വരച്ചുകൂട്ടിയത്. മനോഹരമായ ചില ചിത്രങ്ങൾ ഇഷ്ടപ്പെട്ടവർ വില കൊടുത്ത് വാങ്ങുകയും ചെയ്തു. ബോട്ടിൽ ആർട്ടുകളും ധാരാളം വിറ്റുപോകുന്നുണ്ട്. എട്ടാംക്ളാസ് വിദ്യാർത്ഥിനിയായ കൃഷ്ണേന്ദുവാണ് സഹോദരി.

 കമനീയം ഈ കരവിരുത്

ജന്മസിദ്ധമായ കഴിവിലൂടെ ബോട്ടിൽ ആർട്ടിന് പുറമേ പൊട്ടിയ ഗ്ളാസ്, കുപ്പി, പേപ്പർ, പഴയ പാട്ടകൾ എന്നിവയും കരവിരുതിലൂടെ കമനീയമാക്കിയിട്ടുണ്ട്. ഇതിന് പുറമേ ആരാധനാ മൂർത്തികളുടെ ശില്പങ്ങളും ഈ കൊച്ചുമിടുക്കിയുടെ കലാസൃഷ്ടികളിൽപ്പെടുന്നു. അരിപ്പൊടി, ഷാമ്പൂ, പശ എന്നിവചേ‌ർത്താണ് ശിൽപ്പങ്ങൾ നിർമ്മിക്കുന്നത്. പിസ്താതോട്, നൂൽ, പേപ്പർ എന്നിവകൊണ്ട് നിർമ്മിച്ച കരകൗശല വസ്തുക്കളും രാഗേന്ദുവിന്റെ പക്കലുണ്ട്.