kollam-beach
കൊല്ലം ബീച്ചിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ട തിരക്ക്

കൊല്ലം: ജില്ലയിൽ പ്രതിദിനം അഞ്ഞൂറിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും കൊല്ലം നഗരത്തിലും ബീച്ച് ഉൾപ്പെടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിലും സന്ദർശകരുടെ തിരക്ക് ഒഴിയുന്നില്ല. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ പ്രവേശനം അനുവദിച്ച കൊല്ലം ബീച്ചിൽ ശനി, ഞായർ ദിവസങ്ങളിൽ അനുഭവപ്പെടുന്ന ജനത്തിരക്ക് പ്രളയസമാനമാണ്.

ബീച്ച് വീണ്ടും തുറന്നപ്പോൾ പരിശോധന നടത്തിയാണ് സന്ദർശകരെ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ നിലവിൽ കൊവിഡ് നിയന്ത്രണങ്ങളെല്ലാം കാറ്റിൽപ്പറന്ന മട്ടാണ്. ജാഗ്രത കൈവിടരുതെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ മാത്രമാണ് അധികൃതരുടെ ശ്രദ്ധ.

 തിരഞ്ഞെടുപ്പ് മൂലമല്ലെന്ന് അനുമാനം

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമെന്ന് ആരോഗ്യവകുപ്പ് കണക്കുകൂട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയപ്രവർത്തകരെയും സ്ഥാനാർത്ഥികളെയുമെല്ലാം പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.

എന്നാൽ ഇപ്പോഴുള്ള കൊവിഡ് രോഗികളുടെ വർദ്ധനവ് ഇതുമായി ബന്ധപ്പെട്ടതല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം. സാമൂഹിക അകലം, മാസ്ക്, സാനിറ്റൈസർ തുടങ്ങിയ നിർദ്ദേശങ്ങൾ അട്ടിമറിക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യമെന്നാണ് വിലയിരുത്തൽ.