കൊല്ലം: കല്ലുവാതുക്കലിൽ ഊഴായിക്കോട് ചോരക്കുഞ്ഞിനെ കരിയിലക്കൂനയിൽ എറിഞ്ഞുകൊന്നിട്ട് ഇന്നേയ്ക്ക് 19 നാൾ. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനാകാത്തത് പൊലീസിന്റെ ഗുരുതര വീഴ്ചയാണ്. ചോരക്കുഞ്ഞിനെ കൊല്ലാൻ കരളുറപ്പുള്ള ആ 'അമ്മ'യെ രക്ഷപ്പെടാൻ അനുവദിക്കരുത്. അതിന് പിന്നിലുള്ളവരെയും നിയമത്തിന് മുന്നിലെത്തിച്ചില്ലെങ്കിൽ പൊലീസിന്റെ ധാർമ്മികതയ്ക്ക് വലിയ കളങ്കമാകും.
കുഞ്ഞിനെ വേണ്ടാത്തവർക്ക് ഉപേക്ഷിക്കാൻ സർക്കാർ സംവിധാനമായ അമ്മത്തൊട്ടിലുള്ള നാടാണിത്. എന്നിട്ടും മനസലിവില്ലാത്ത ക്രൂരത ചെയ്തവർ പകൽവെളിച്ചത്തിൽ തലയുയർത്തി നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു. ഇതൊരു ഉപേക്ഷിക്കലല്ല, പാതിരാ കൊലപാതകമാണ്. കേസ് തെളിയിക്കാൻ സി.ബി.ഐ വരണമെന്നാണോ?. സത്യം മൂടിവയ്ക്കാൻ പൊലീസിനുമേൽ ആരുടെയെങ്കിലും സ്വാധീനം ഉണ്ടായിട്ടുണ്ടോയെന്ന് നാട്ടുകാർ സംശയിച്ചാലും തെറ്റുപറയാനാവില്ല.
അമ്മയെ കൊന്നാലും രാഷ്ട്രീയ സംരക്ഷണം കിട്ടുന്ന നാട്ടിൽ വിരിയാത്തൊരു പൂവ് ഇറുത്തിട്ടപോലെ ഈ കേസും മറന്നുപോകാം. പുറത്തിറങ്ങാതെ, ആരോരുമറിയാതെ വീടിനുള്ളിൽ കഴിഞ്ഞവരാകാം രഹസ്യമായി കുഞ്ഞിനെ ഉപേക്ഷിച്ചത്. അവർ ഒരു ഡോക്ടറുടെ സഹായം തേടാതിരിക്കില്ല. ഏതെങ്കിലും ആശുപത്രിയിൽ ചെല്ലാനുള്ള സാദ്ധ്യതയും വലുതാണ്. നാടോടികളോ, അന്യസംസ്ഥാന തൊഴിലാളികളോ അധികം തങ്ങാത്ത സ്ഥലത്താണ് കുഞ്ഞിനെ കണ്ടെത്തിയത്. അപ്പോൾ പരിസരവാസികളോ, സ്ഥലത്തെ സ്ഥിരം സന്ദർശകരോ ആവാം കുഞ്ഞിനെ ഉപേക്ഷിച്ചത്.
കാക്കയ്ക്ക് പോലും തൻകുഞ്ഞ് പൊൻകുഞ്ഞെന്ന് കേട്ടിട്ടുണ്ട്. ചോരമണം മാറാത്ത പിഞ്ചുകുഞ്ഞിനെ എറിഞ്ഞുകൊന്നവരെ രക്ഷപ്പെടുത്താൻ പൊലീസ് കൂട്ടുനിൽക്കുകയാണോ?. അങ്ങനെയെങ്കിൽ കാലം നിങ്ങളോട് കണക്ക് ചോദിക്കും.
പൊലീസ് ബുദ്ധി ഉറക്കത്തിൽ!
ഡി.എൻ.എ പരിശോധനയ്ക്ക് മുൻപ് പൊലീസ് ബുദ്ധി ഉപയോഗിച്ചിരുന്നെങ്കിൽ കുറ്റവാളി എന്നേ അഴിക്കുള്ളിലാകുമായിരുന്നു. ഒരു വനിതാ ഡോക്ടറുടെ സഹായത്തോടെ സംശയമുള്ള യുവതികളെ പരിശോധിച്ചാൽ സത്യം വേഗത്തിൽ വെളിപ്പെടുമായിരുന്നു. അതിന് അൽപം ക്ഷമയും നിശ്ചയദാർഢ്യവും വേണം!. ഡി.എൻ.എ പരിശോധനയും ശാസ്ത്രീയ സ്ഥിരീകരണവും നല്ലതുതന്നെ. ശിക്ഷ കിട്ടാൻ ഉപകരിക്കുമെന്നതിലും രണ്ടുപക്ഷമില്ല. പക്ഷെ വൈകുംതോറും രക്ഷപ്പെടാനുള്ള പഴുതുകൾ കൂടുകയാണ്.