കൊല്ലം: ആയിരം വർഷത്തിലധികം പഴക്കമുള്ള മുളങ്കാടകം ദേവീക്ഷേത്രത്തിൽ ഇന്നലെ വെളുപ്പിന് നാലോടെയുണ്ടായ തീപിടിത്തത്തിൽ ചുറ്റമ്പലത്തിന്റെ ഒരുഭാഗവും
ക്ഷേത്രത്തിന്റെ മുൻഭാഗത്ത് ഗോപുരമുൾപ്പെടുന്ന വേതാളിപ്പുരയും കത്തിനശിച്ചു.
ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരാണ് തീ പടരുന്നത് കണ്ടത്. ഇവർ ഹൈവേ പൊലീസ് പട്രോളിംഗ് സംഘത്തെ വിവരമറിയിച്ചു. തുടർന്ന് ചാമക്കട, കടപ്പാക്കട യൂണിറ്റുകളിൽ നിന്നായി മൂന്ന് അഗ്നിശമന വാഹനങ്ങളെത്തി പതിനഞ്ചോളം സേനാംഗങ്ങൾ ഒന്നരമണിക്കൂർ പരിശ്രമിച്ചാണ് തീ അണച്ചത്.
ഏകദേശം മുപ്പത്തഞ്ച് ലക്ഷംരൂപയ്ക്ക് മുകളിൽ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കൊത്തുപണികൾ ചെയ്ത തേക്കിൻ തടികളും ഓടുകൾ മേഞ്ഞതുമാണ് കത്തിനശിച്ച കെട്ടിടം. മൂല്യം നിർണയിക്കാനാവാത്ത അനന്തശയനം, നവഗ്രഹ വിഗ്രഹങ്ങൾ എന്നിവയും കത്തിനശിച്ച കൊത്തുപണികളിൽ ഉൾപ്പെടും. വേതാളിപ്പുരയോട് ചേർന്നുള്ള ഭാഗത്തും ഭാഗിക കേടുപാടുകളുണ്ട്. സംഭവം അറിയാൻ വൈകിയിരുന്നെങ്കിൽ ക്ഷേത്രം പൂർണമായും കത്തിനശിക്കുമായിരുന്നു.
തേക്ക്, ഈട്ടി തടികളാണ് ക്ഷേത്ര നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. വേതാളിപ്പുരയിൽ കത്തിച്ചുവച്ചിരുന്ന കെടാവിളക്കിൽ നിന്ന് തീപടർന്നതാണെന്നാണ് നിഗമനം. ഷോർട്ട് സർക്യൂട്ട് സാദ്ധ്യതയും തള്ളിക്കളയുന്നില്ല.
രാത്രിയിൽ ജീവനക്കാരാരും ക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ല. കേസെടുത്തെങ്കിലും ദുരൂഹതയില്ലെന്ന് വെസ്റ്റ് പൊലീസ് അറിയിച്ചു.