ബൈപ്പാസിന് 2.1 കിലോമീറ്റർ ദൂരം
18 മീറ്റർ വീതി
അഞ്ചൽ:പുനലൂർ മണ്ഡലത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ അഞ്ചൽ ബൈപ്പാസ് യഥാർത്ഥ്യത്തിലേക്ക്. ബൈപ്പാസിന്റെ അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടക്കുകയാണ്. നിർമ്മാണ പുരോഗതി വിലയിരുത്താൻ കഴിഞ്ഞദിവസം മന്ത്രി കെ. രാജു സ്ഥലം സന്ദർശിച്ചിരുന്നു. നിർമ്മാണം പൂർത്തിയാകുന്നതോടെ ഉദ്ഘാടനവും വൈകാതെ നടത്താനാകുമെന്ന് മന്ത്രി പറഞ്ഞു.
പതിനഞ്ച് വർഷം മുമ്പ് എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്താണ് ബൈപ്പാസിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചത്. എന്നാൽ തുടർന്ന് സർക്കാർ മാറിവന്നതോടെ നിർമ്മാണം മന്ദഗതിയിലായി. മാത്രമല്ല നിർമ്മാണത്തിനാവശ്യമായ ഫണ്ട് അനുവദിക്കുന്നതിലും മാറിമാറി വന്ന സർക്കാരുകൾ വേണ്ടത്ര ജാഗ്രത കാട്ടിയില്ല. എന്നാൽ സ്ഥലം എം.എൽ.എ.കൂടിയായ കെ. രാജു മന്ത്രി ആയതോടെയാണ് ബൈപ്പാസ് നിർമ്മാണം ത്വരിതഗതിയിലായത്.
പ്രശ്നങ്ങൾ പരിഹരിച്ച് മന്ത്രി
നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ ചില പ്രശ്നങ്ങൾ ബൈപ്പാസിന്റെ നിർമ്മാണത്തെ ബാധിച്ചിരുന്നു. എന്നാൽ മന്ത്രി മുൻകൈ എടുത്ത് ജില്ലാ കളക്ടർ ,പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിച്ചു. അതോടെയാണ് ബൈപ്പാസിന്റെ നിർമ്മാണം തുടർന്നത്. അഞ്ചൽ-ആയൂർ റോഡിൽ കുരിശുംമൂട്ടിൽ നിന്നും അഞ്ചൽ -പുനലൂർ റോഡിൽ ബ്ലോക്ക് ഓഫീസിന് സമീപം വരെ 2.1 കിലോമീറ്റർ ദൂരത്തിലാണ് ബൈപ്പാസ് നിർമ്മിക്കുന്നത് 18 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന ബൈപ്പാസിന്റെ ഇരുവശത്തും നടപ്പാതയും നിർമ്മിക്കുന്നുണ്ട്.
ബൈപ്പാസ് നിർമ്മാണം അവസാന ഘട്ടത്തിലാണ്. ശേഷിച്ച പണികൾ പൂർത്തിയായാൽ ഉദ്ഘാടനം കഴിയുന്നത്ര എളുപ്പത്തിൽ നടത്താനാകും. നിർമ്മാണത്തിനാവശ്യമായ മുഴുവൻ ഫണ്ടും കിഫ്ബിയിൽ നിന്ന് ലഭ്യമാക്കിയിട്ടുണ്ട്. ഈ സർക്കാരിന്റെ കാലത്ത് തന്നെ ഉദ്ഘാടനം നടത്തുകയാണ് ലക്ഷ്യം. ബൈപ്പാസ് വരുന്നതോടെ അഞ്ചൽ ടൗണിലെ ഗതാഗത കുരുക്കിനും പരിഹാരമാകും.
മന്ത്രി കെ. രാജു