കരുനാഗപ്പള്ളി: വിശ്വാസ്യതയും സ്വീകാര്യതയുമാണ് കേരഫെഡിന്റെ മുഖമുദ്രയെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കേരഫെഡ് പുതിയകാവ് ഫാക്ടറി 10 ഏക്കർ പാടത്ത് കൃഷിചെയ്ത നെൽ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ കേരഫെഡ് 60 കോടി രൂപാ നഷ്ടത്തിലായിരുന്നു. നാലര വർഷത്തെ പ്രവർത്തന ഫലമായി കേരഫെഡ് നഷ്ടത്തിൽ നിന്ന് കരകയറി ഇപ്പോൾ ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. തൊഴിലാളികളുടെ ലീവ് ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള തീരുമാനം സർക്കാരിന്റെ പരിഗണനയിലാണ്. നാളികേരത്തിൽ നിന്ന് മൂല്യ വർദ്ധിത ഉത്പ്പന്നങ്ങൾ നിർമ്മിക്കാൻ തുടങ്ങിയതോടെയാണ് കേരഫെഡ് ലാഭത്തിലേക്ക് കടന്ന് വന്നത്. കൃഷിയിടങ്ങൾ തരിശിടാതെ കൃഷി ഇറക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കൈലിമുണ്ടും ഉടുത്തുകൊണ്ടാണ് മന്ത്രി അരിവാൾ കൊണ്ട് നെൽക്കതിർ മുറിച്ചെടുത്തത്.തുടർന്ന് സംഘടിപ്പിച്ച യോഗത്തിൽ ആർ.രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കേരഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.സോമൻപിള്ള പദ്ധതി വിശദീകരണം നടത്തി. കേരഫെഡ് ചെയർമാൻ ജെ.വേണുഗോപാലൻ നായർ, എക്സിക്യൂട്ടീവ് ഡയറക്ടർ കെ.കെ.വിജയൻ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.നാസർ, ജില്ലാ പഞ്ചായത്ത് മെമ്പർ ഗേളി ഷൺമുഖൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം റാഷിദ്.എ.വാഹിദ്, ഗ്രാമപഞ്ചായത്ത് മെമ്പർ കെ.സ്നേഹലത, കൃഷി ഓഫീസർ ആർ.മീര, യൂണിയൻ നേതാക്കളായ കെ.രാജശേഖരൻ, എസ്.ഗോപകുമാർ, വി.രവികുമാർ,കമറുദ്ദീൻ മുസലിയാർ, റെജി ഫോട്ടോപാർക്ക്, കേരഫെഡ് മാനേജിംഗ് ഡയറക്ടർ എൻ.രവികുമാർ എന്നിവർ പ്രസംഗിച്ചു.