സ്പെഷ്യൽ മെനു അടുക്കളയ്ക്ക് പുറത്ത്
കൊല്ലം: ട്രെയിനിൽ സീസൺ ടിക്കറ്റ് പുനരാരംഭിക്കാത്തതിനാൽ വനിതാ ഉദ്യോഗസ്ഥരുടെ കുടുംബ ബഡ്‌ജറ്റ് താളംതെറ്റി. ആറുമാസത്തിലേറെയായി ശമ്പളത്തിൽ നിന്ന് വലിയൊരു തുക യാത്രയ്ക്ക് മാത്രം ചെലവഴിക്കേണ്ടിവരുന്നു.
വീട്ടുചെലവ്, വായ്പ, ചടങ്ങുകൾ, കുട്ടികളുടെ ഫീസ്, ചിട്ടി, മരുന്ന് തുടങ്ങിവയയ്ക്ക് മാറ്റിവച്ച ശേഷം ചെറിയ തുക മാത്രമേ ലാസ്റ്റ് ഗ്രേഡ് സർവന്റ്, ക്ലറിക്കൽ, പ്യൂൺ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് മാസം മിച്ചം പിടിക്കാനാകൂ. എന്നാൽ യാത്രാച്ചെലവ് അധികമായതോടെ മറ്റ് അടവുകളെല്ലാം തെറ്റിയിരിക്കുകയാണ്. ഇതോടെ അടുക്കളയിലെ സ്പെഷ്യൻ മെനുവും ഇല്ലാതായി.
പാസഞ്ചർ - മെമു സർവീസുകൾ ഇല്ലാത്തതിനാൽ ഓട്ടോറിക്ഷയിലാണ് ബസ് സ്‌റ്റേഷനിൽ എത്തുന്നത്. കെ.എസ്.ആർ.ടി.സി ഫാസ്റ്റ്, ഓർഡിനറി ബസുകൾ കുറവായതിനാൽ മിക്കവാറും സൂപ്പർ ഫാസ്റ്റ്, വോൾവോ ബസുകളെയാണ് ആശ്രയിക്കുന്നത്. ഇതിൽ കയറിയാൽ നിരക്ക് ഇരട്ടിയോളം നൽകണം.
ശനിയാഴ്ച കൂടി പ്രവൃത്തിദിനമായതോടെ ചെലവ് വീണ്ടും കൂടി. നിത്യേന തിരുവനന്തപുരത്തോ, ആലപ്പുഴയിലോ ജോലിക്ക് പോയിവരണമെങ്കിൽ മാസം 7,500 ലേറെ രൂപ വേണ്ടിവരും. ഈ സ്ഥിതി തുടർന്നാൽ ഉദ്യോഗസ്ഥരും സാധാരണക്കാരും ഒരുപോലെ കടക്കെണിയിലാകും.
മത്സ്യം പടിയിറങ്ങി
യാത്രച്ചെലവ് കൂടിയപ്പോൾ വീട്ടിൽ മത്സ്യം വാങ്ങുന്നത് പൂർണമായും ഒഴിവാക്കി. എന്നിട്ടും ചെലവ് കുറയുന്നില്ലെന്ന് കുണ്ടറ സ്വദേശിയായ വൃന്ദ പറയുന്നു. വികലാംഗനായ സൗമ്യ രതീഷിന് മാസം മരുന്നിന് മാത്രം വേണ്ടത് 5,000 രൂപയാണ്. യാത്രയ്ക്ക് അധിക ചെലവ് വന്നതോടെ മരുന്ന് വാങ്ങൽ കുറച്ചു. മാത്രമല്ല, രാവിലെയും വൈകിട്ടും ഓഫീസിൽ കൊണ്ടുപോയിരുന്ന പതിവ് ചായയും ഉപേക്ഷിച്ചു.
സങ്കടയാത്രയ്ക്ക് അറുതിയില്ല
കുടുംബശ്രീ ചിട്ടി ആറുമാസമായി മുടങ്ങി. അമ്മയ്ക്ക് മരുന്ന് വാങ്ങാനുള്ള പണമെടുത്താണ് ബസ് യാത്ര. മുഖ്യമന്ത്രി ഇടപെട്ട് സീസൺ ടിക്കറ്റ് പുനഃസ്ഥാപിക്കണമെന്ന് തിരുവനന്തപുരത്തെ കോടതിയിൽ ജോലി ചെയ്യുന്ന കായംകുളം സ്വദേശിയായ അനില പറയുന്നു. ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ ജോലി ചെയ്യുന്ന കരുനാഗപ്പള്ളി, കൊല്ലം, ചവറ സ്വദേശികളായ സിന്ധു, പ്രസന്ന, ശശിലേഖ എന്നിവർക്കും സങ്കടങ്ങൾ മാത്രമേ പറയാനുള്ളു.