കരുനാഗപ്പള്ളി: ഭക്തിനിർഭരമായ ചടങ്ങുകളോടെ ചങ്ങൻകുളങ്ങര ചതുഷഷ്ഠി യോഗിനീ സമേത മഹാകാളി ധർമ്മദൈവ ക്ഷേത്രം പുലിത്തിട്ടയിൽ കാപ്പ് കെട്ട് വ്രതാനുഷ്ഠാനത്തിന് തുടക്കമായി. ഇന്നലെ രാവിലെ 10 മണിയോടെ ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് സൗത്ത് ഇന്ത്യൻ വിനോദാണ് ഭദ്ര ദീപം തെളിച്ച് കാപ്പ്കെട്ടിന് തുടക്കം കുറിച്ചത്. രാവിലെ ത്രിശക്തിപൂജയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. കാപ്പ് കെട്ട് വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി ശ്രീകോവിലിൽ നിന്ന് ദേവിയുടെ ഉടവാൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പൂജക്കായി തയ്യാറാക്കിയ വേദിയിലെ പീഠത്തിൽ കൊണ്ട് വെച്ചു. തുടർന്ന് ശ്രീകോവിലിലെ കെടാവിളക്കിൽ നിന്നും തെളിച്ച നെയ്ത്തിരി കൊണ്ടാണ് കാപ്പ് കെട്ട് വ്രതാനുഷ്ഠാന നിലവിളക്കിൽ ദീപം തെളിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നടത്തിയ ത്രിശക്തിപൂജയിൽ പങ്കെടുക്കാൻ നിരവധി ഭക്തർ എത്തിയിരുന്നു. ദേവിയുടെ മൂർത്തീരൂപം കൈകളിൽ കാപ്പായി കെട്ടിയ ശേഷം ഭക്തർ ദേവീ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് ക്ഷേത്ര സന്നിധി വിട്ടിറങ്ങി. കാപ്പണിഞ്ഞ ഭക്തർ എല്ലാ ദിവസവും ദേവി സന്നിധിയിൽ എത്തി പൂജാദി കർമ്മങ്ങളിൽ പങ്കുകൊള്ളും. മാവേലിക്കര തപോവൻ ധ്യാന കേന്ദ്രത്തിലെ ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് പൂജാദി കർമ്മങ്ങൾ നടത്തുന്നത്. എല്ലാ ദിവസവും ക്ഷേത്രത്തിൽ നടത്തുന്ന അഭിഷേകത്തിനുള്ള അഷ്ടദ്രവ്യങ്ങൾ ക്ഷേത്രത്തിൽ സമർപ്പിക്കാവുന്നതാണ്.