prd2

കൊല്ലം: നാടിന്റെ സമഗ്ര വികസനത്തിന് ലെവൽ ക്രോസ് വിമുക്ത കേരളമാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലയിലെ ഇരവിപുരം, കരുനാഗപ്പള്ളി മാളിയേക്കൽ റെയിൽവേ ഗേറ്റുകളുടെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി ചെയർമാൻ കോട്ടയിൽ രാജു, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, തുടങ്ങിയവർ പങ്കെടുത്തു. ഇരവിപുരം റെയിൽവേ ഗേറ്റിന് സമീപം നടന്ന ചടങ്ങിൽ എം. നൗഷാദ് എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. നാടിന്റെ ത്വരിത വികസനം ഉറപ്പുവരുത്തുന്ന റോഡ് ശൃംഖലയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷനായി. മന്ത്രി തോമസ് ഐസക് മുഖ്യാതിഥിയായി. മേയർ പ്രസന്ന ഏണസ്റ്റ്, ജി ഉദയകുമാർ, സവിതദേവി, വാർഡ് കൗൺസിലർമാരായ മെഹറുന്നിസ, സുജ, നസീമ ശിഹാബ്, മായാ ബാബു, ടി.പി. അഭിമന്യു, ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ, ആർ.ബി.ഡി.സി.കെ മാനേജിംഗ് ഡയറക്ടർ ജാഫർ മലിക്, ആർ.ബി.ഡി.സി.കെ കമ്പനി സെക്രട്ടറി ശ്രീനാഥ് എന്നിവർ പങ്കെടുത്തു. കരുനാഗപ്പള്ളി മേൽപാലത്തിന്റെ പദ്ധതി തുക 33.5 കോടിയാണ്. 10.15 മീറ്റർ വീതിയിലും 547 മീറ്റർ നീളത്തിലുമാണ് മേൽപ്പാലം നിർമ്മിക്കുന്നത്. രണ്ട് ലൈൻ റോഡുകൾ, ഫുട്പാത്ത്, ഓട, സർവീസ് റോഡ് എന്നിവയും നിർമ്മിക്കും. മാളിയേക്കൽ പാലം യാഥാർത്ഥ്യമാകുന്നതോടെ ഗതാഗതക്കുരുക്കിനും യാത്രാ ദുരിതത്തിനും പരിഹാരമാകും. കല്ലേലിഭാഗത്ത് നടന്ന ചടങ്ങിൽ എ.എം. ആരിഫ് എം.പി വീഡിയോ കോൺഫറൻസിലൂടെ വിശിഷ്ടാതിഥിയായി. ആർ. രാമചന്ദ്രൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഏറെ നാളായുള്ള നാടിന്റെ വികസന സ്വപ്നമാണ് മേൽപ്പാല നിർമാണത്തിലൂടെ യാഥാർത്ഥ്യമാകുന്നതെന്ന് എം.എൽ.എ പറഞ്ഞു.