അഞ്ചൽ: വീട്ടിനുള്ളിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്ന് മേൽക്കൂര തകർന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയായിരുന്നു സംഭവം. ഏരൂർ മണലിൽ അനി വിലാസത്തിൽ അനിൽകുമാറിന്റെ വീട്ടിലാണ് സ്ഫോടനം നടന്നത്.
അടുക്കളയുടെ ഭിത്തിയും മേൽക്കൂരയും തൊട്ടടുത്ത റൂമിലെ മേൽക്കൂരയും വീട്ടുസാധനങ്ങളും പൂർണ്ണമായും തകർന്നു. ആസ്ബറ്റോസ് ഷീറ്റ് ഇട്ടിരുന്ന വീടിന്റെ മേൽക്കൂര ചിതറിത്തെറിച്ചു. സ്ഫോടന സമയത്ത് അനിൽകുമാറിന്റെ ഭാര്യ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കൊല്ലത്തുനിന്ന് ഫോറൻസിക് സംഘവും ഏരൂർ പൊലീസും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
പന്നിപ്പടക്കമോ ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കളോ ആയിരിക്കാം പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം.
സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അനിൽകുമാറിനുവേണ്ടി തെരച്ചിൽ ആരംഭിച്ചതായും ഏരൂർ സി.ഐ സുഭാഷ് പറഞ്ഞു.