car
മൺറോത്തുരുത്ത് ചിറ്റുമല റോഡിൽ അപകടത്തിൽ തകർന്ന കാർ

കിഴക്കേകല്ലട: യാത്രികരെ ഭീതിയിലാഴ്ത്തി അമിതവേഗതയിൽ പാഞ്ഞ കാർ മതിലിലിടിച്ചു തകർന്നു. കാർ യാത്രികരായ രണ്ടുപേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം വൈകിട്ട് മൺറോത്തുരുത്ത് ചിറ്റുമല റോഡിലായിരുന്നു സംഭവം. അമിതവേഗതയിൽ എത്തിയ കാർ നാട്ടുകാരെ ആകെ ഭയപ്പെടുത്തിയ ശേഷം ചിറ്റുമല റോഡിൽ കൊച്ചുപ്ലാമൂട്ടിൽ രഘുനാഥന്റെ വീടിന്റെ ചുറ്റുമതിലിൽ ഇടിച്ചുതകർക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.

മൺറോത്തുരുത്ത് പേഴുംതുരുത്ത് സ്വദേശിയായ സൈനികനാണ് കാർ ഓടിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ സുഹൃത്തും ഒപ്പമുണ്ടായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.

അതേസമയം ഓടിക്കൂടിയ സ്ഥലവാസികളോട് കാർ യാത്രികർ തട്ടിക്കയറിയതായും ആരോപണമുണ്ട്. അപകടത്തെ തുർന്ന് സ്ഥലത്തെത്തിയ പൊലീസ് കാർ യാത്രികരെ കൂട്ടിക്കൊണ്ട് പോയെങ്കിലും കേസെടുത്തില്ലെന്നും ആരോപണമുണ്ട്.