train

കൊല്ലം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടും ട്രെയിൻ സർവീസ് പൂർണമായും പുനരാരംഭിക്കാത്തതിലും സീസൺ ടിക്കറ്റ് അടക്കമുള്ള ആനുകൂല്യങ്ങൾ നൽകാത്തതിലും യാത്രക്കാർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. ഇത് സംബന്ധിച്ച് കേരളകൗമുദി ചൂണ്ടിക്കാട്ടിയ വിഷയങ്ങളിൽ യുവജനസംഘടനാ നേതാക്കൾ പ്രതികരിക്കുന്നു.

''

റെയിൽവേ സീസൺ ടിക്കറ്റ് സാധാരണ യാത്രക്കാരുടെയും വിദ്യാർത്ഥികളുടെയും ആശ്രയമായിരുന്നു. സീസൺ ടിക്കറ്റ് ലഭിക്കാത്തതിനാൽ അഞ്ചിരട്ടി വരെയാണ് ഇപ്പോൾ യാത്ര ചെലവ്. ഇത് കുടുംബ ബഡ്ജറ്റ് തകർത്തു. വിദ്യാർത്ഥികൾ വലിയ പ്രതിസന്ധിയിലാണ്. എത്രയും വേഗം പരിഹാരം കാണണം.

ശ്യാം മോഹൻ, ജില്ലാ പ്രസിഡന്റ്

ഡി.വൈ.എഫ്.ഐ

''

റെയിൽവേ നടത്തുന്നത് പകൽക്കൊള്ളയാണ്. അനാവശ്യ സ്വകാര്യവത്കരണമാണ് ജനദ്രോഹ നടപടികൾക്ക് കാരണം. സീസൺ ടിക്കറ്റും പാസഞ്ചർ ട്രെയിനുകളും അടിയന്തരമായി പുനരാരംഭിച്ചില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കും. ആനുകൂല്യങ്ങൾ നൽകി സഹായിക്കുന്നതിന് പകരം കൊള്ളയടിക്കുന്നത് ശരിയല്ല.

ആർ.എസ്. അബിൻ

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി

''

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് രാജ്യത്താകമാനം സർവീസുകൾ നിറുത്തിവച്ചത്. മറ്റ് പൊതുഗതാഗത സംവിധാനങ്ങൾ പഴയനിലയിൽ ആരംഭിക്കാത്ത സാഹചര്യത്തിലും ട്രെയിൻ സർവീസ് ആശ്രയിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു. ആവശ്യത്തിന് യാത്രക്കാരെ ലഭിച്ചേക്കാവുന്ന സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകും.

പ്രണവ് താമരക്കുളം

കൊല്ലം മണ്ഡലം പ്രസിഡന്റ്, യുവമോർച്ച