തഴവ: സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി തഴവയിൽ പണികഴിപ്പിച്ച സ്ഥിരം ദുരിതാശ്വാസ ക്യാമ്പിന്റെ ഉദ്ഘാടനം 28ന് നടക്കും. തഴവ ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം മൂന്ന് നിലകളിലായി പണികഴിപ്പിച്ച കെട്ടിടം 28ന് രാവിലെ 10ന് മന്ത്രി ഇ.ചന്ദ്രശേഖരൻ നാടിന് സമർപ്പിക്കും. ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ഒഡീഷയിൽ നിർമ്മിച്ച ഷെൽട്ടറുകളുടെ മാതൃകയിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 3കോടി 21 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൽ ആയിരം പേർക്ക് വരെ താമസിക്കുവാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
സ്ത്രീകൾ, പുരുഷന്മാർ, ഭിന്നശേഷിക്കാർ, കുട്ടികൾ എന്നിവർക്ക് പ്രത്യേക താമസ സൗകര്യങ്ങളും പൊതു അടുക്കകള, ജനറേറ്റർ, പതിനഞ്ചിൽപ്പരം ശുചി മുറികൾ, കളിസ്ഥലം, സ്റ്റോർ റൂമുകൾ തുടങ്ങിയ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ,വില്ലേജ് ഓഫീസർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവർ ഉൾപ്പെട്ട മാനേജിംഗ് കമ്മിറ്റിയ്ക്കാണ് കെട്ടിടത്തിന്റെ പരിപാലന ചുമതല. ട്രഷറിയിൽ നിക്ഷേപിക്കുന്ന 20 ലക്ഷം രൂപയുടെ പലിശ ഉപയോഗിച്ചാണ് പരിപാലന ചെലവ് നടത്തുന്നത്.