ksrt
കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്തെ ഇടമൺ-34ൽ സംക്ഷണ ഭിത്തിയില്ലാത്ത കെ.എസ്.ആർ..ടി.സിയുടെ ഭൂമിയിൽ കാട് കയറിയനിലയിൽ..

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്തെ ഇടമൺ-34ൽ സ്ഥിതി ചെയ്യുന്ന കെ.എസ്.ആർ.ടി.സിയുടെ ഭൂമിയിൽ പുതിയ ബസ് ഡിപ്പോ പണിത് അവിടെ നിന്ന് ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായി. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയേറിയ പ്രദേശമാണ് ഇടമൺ-34. തിരുവിതാംകൂർ രാജഭരണ കാലത്ത് സർക്കാരിന് നൽകിയ ഭൂമിയാണ് ഇപ്പോൾ അനാഥമായി കിടക്കുന്നത്.അര നൂറ്റാണ്ട് മുമ്പ് കെ.എസ്.ആർ.ടി.സിയുടെ ഹാൾട്ടിംഗ് സ്റ്റേഷനായി ഉപയോഗിച്ചിരുന്ന ഭൂമിയിൽ മിനി ബസ് സ്റ്റേഷൻ പണിയാൻ അന്ന് പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് അത് അധികൃതർ ഉപേക്ഷിക്കുകയായിരുന്നു.

കയ്യേറ്റങ്ങൾക്ക് ശ്രമം

ആദ്യമൊക്കെ സർക്കസ്, മാജിക് ഷോയടക്കമുളള പരിപാടികൾക്ക് ഈ ഭൂമി വാടയ്ക്ക് നൽകിയിരുന്നു. പിന്നീട് ഇവിടം കാട് വളർന്ന് പന്തലിച്ച് ഇഴ ജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറി. ഇതിനിടെ പഞ്ചായത്ത് മാലിന്യങ്ങൾ തള്ളാനുള്ള ഇടമാക്കി. ഇത് കൂടാതെ സമീപത്തെ ദേശീയ പാതയോരത്ത് മത്സ്യം കച്ചവടം നടത്തുന്നവരെ പാർപ്പിക്കാൻ വേണ്ടി കഴിഞ്ഞ വർഷം ഭൂമി കയ്യേറാനും പഞ്ചായത്ത് ശ്രമിച്ചു. അത് പൊലീസിന്റെ സഹായത്തോടെ കെ.എസ്.ആർ.ടി.സി.അധികൃതർ തടഞ്ഞു. എന്നാൽ ചുറ്റുമതിലോ മറ്റ് സംരക്ഷണങ്ങളോ ഇല്ലാതെ കാട് കയറി നശിക്കുന്ന ഭൂമിയിൽ വീണ്ടും അനധികൃത കയ്യേറ്റങ്ങൾ നടക്കുന്നതായി ആരോപണമുണ്ട്.

യാത്രാ ക്ലേശം പരിഹരിക്കാം

ഏരൂർ, വിളക്കുപാറ, ആയിരനെല്ലൂർ പാതയും പുനലൂർ,വട്ടപ്പട, പാപ്പന്നൂർ, പുലരി, ലക്ഷം വീട് വഴി ദേശീയ പാതയിലെത്തുന്ന റോഡും ആനപ്പെട്ട കോങ്കൽ, 17-ാം ബ്ലോക്ക്, ഉദയഗിരി റോഡും സംഘമിക്കുന്ന പ്രധാന പ്രദേശമാണ് ഇടമൺ-34 .തിരുനെൽവേലി- ചങ്ങനാശേരി, കോട്ടയം-തെങ്കാശി, ആലപ്പുഴ- തിരുനെൽവേലി, തങ്കാശി-എറണാകുളം, കായംകുളം-തെങ്കാശി, കൊല്ലം-തെങ്കാശി തുടങ്ങിയ അന്തർ സംസ്ഥാന കെ.എസ്.ആർ.ടി.സി എക്സ് പ്രസ് സർവീസുകൾ കൊവിഡിന് മുമ്പ് ഇടമൺ-34വഴിയായിരുന്നു. ഇത് കൂടാതെ തിരുവനന്തപുരത്ത് നിന്ന് ഏരൂർ, വിളക്കുപാറ, ആയിരനെല്ലൂർ , ഇടമൺ-34 വഴി ആര്യങ്കാവിലേക്കും പുനലൂർ, ഇടമൺ,പവർഹൗസ്, 17-ാംബ്ലോക്ക് വഴി ആനപെട്ടകോങ്കലിലേക്കുള്ള സമാന്തര ബസ് സർവീസുകളും ഇത് വഴിയായിരുന്നു കടന്ന് പോയ്ക്കൊണ്ടിരുന്നത്.ഇത് കണക്കിലെടുത്താണ് ഇടമൺ-34ൽ അനാഥമായി കിടക്കുന്ന കെ.എസ്.ആർ.ടി.സിയുടെ ഭൂമിയിൽ പുതിയ ബസ് ഡിപ്പോ പണിതത്, ഇവിടെ നിന്ന് ബസ് സർവീസുകൾ ആരംഭിച്ചാൽ കാർഷിക മേഖലയായി കിഴക്കൻ മലയോര മേഖലകളിലേക്കുളള യാത്രാ ക്ലേശം പരിഹരിക്കാൻ കഴിയും.ഇത് കൂടാതെ ഇവിടെ നിന്നും ബസ് സർവീസ് ആരംഭിച്ചാൽ ആയിരനെല്ലൂർ, വിളക്കുപറ, ഏരൂർ, ഉറുകുന്ന്, ഒറ്റക്കൽ, തെന്മല, കഴുതുരുട്ടി, ഇടപ്പാളയം, ആര്യങ്കാവ്, ഇടമൺ സത്രം, വെള്ളിമല, പ്ലാച്ചേരി, കലയനാട്, തുടങ്ങിയ പ്രദേശങ്ങളിലെ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹരമുണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്.