pallikkamannadi
പള്ളിക്കമണ്ണടി കടവ്

ചാത്തന്നൂർ: ഒരുദശകം മുൻപ് ചാത്തന്നൂർ, ആദിച്ചനല്ലൂർ പഞ്ചായത്ത് നിവാസികളുടെ മനസിൽ വിരിഞ്ഞ പള്ളിക്കമണ്ണടി പാലം എന്ന സ്വപ്നത്തിന് ഇനിയും തളിർക്കാൻ ഭാഗ്യമില്ല. ഒരുകാലത്ത് ഭരണാനുമതി, ഒരുരൂപ ടോക്കൺ, മണ്ണ് പരിശോധന, വയൽ ഏറ്റെടുക്കൽ, അപ്രോച്ച് റോഡ് എന്നിങ്ങനെ പാലവുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ട വാക്കുകൾ നാട്ടുകാർ മറന്നുതുടങ്ങി. കഴിഞ്ഞ വർഷം വരെ സംസ്ഥാന ബഡ്ജറ്റിലെങ്കിലും ഇടമുണ്ടായിരുന്ന പള്ളിക്കമണ്ണടി പാലം ഇത്തവണ അവിടെ നിന്നും പുറത്തായി.

 തുടക്കം ഇങ്ങനെ
ജി. പ്രതാപവർമ്മ തമ്പാൻ നിയമസഭാംഗം ആയിരുന്നപ്പോഴാണ് പള്ളിക്കമണ്ണടി കടവിൽ ഒരു പാലം എന്ന ആശയം ഉരുത്തിരിയുന്നത്. തുടർന്ന് നിയമസഭാംഗമായ എൻ. അനിരുദ്ധൻ പാലത്തിനുള്ള ഭരണാനുമതി നേടിയെടുത്തു. അടുത്ത വർഷം തന്നെ പദ്ധതിക്കായി ബഡ്ജറ്റിൽ പണം അനുവദിപ്പിക്കുകയും അതിനടുത്ത വർഷം ബഡ്ജറ്റ് തുക 3.5 കോടിയായി ഉയർത്തുകയും ചെയ്തു.

മണ്ണ് പരിശോധനയും ഭൂമി അളക്കലുമൊക്കെ മുറപോലെ നടന്നു. അപ്രോച്ച് റോഡിനുള്ള ഭൂമി ഏറ്റെടുക്കുന്നതും നെൽവയൽ നീർത്തട വിവരശേഖരത്തിൽ ഉൾപ്പെട്ട പ്രദേശം രൂപമാറ്റം വരുത്തുന്നതും ആയിരുന്നു പിന്നീട് കീറാമുട്ടികൾ.

 കൊഞ്ചിക്കടവ് ദുരന്തം

1960ൽ പള്ളിക്കമണ്ണടി കടവിന് സമീപം കൊഞ്ചിക്കടവിൽ ആദിച്ചനല്ലൂർ പള്ളിമണിൽ നിന്ന് ചാത്തന്നൂരിലെ സ്കൂളിലേയ്ക്ക് വരികയായിരുന്ന എട്ട് പെൺകുട്ടികൾ കടത്തുവള്ളം മറിഞ്ഞ് ഇത്തിക്കരയാറ്റിൽ മുങ്ങിമരിച്ചു. അന്ന് ഇരുകരകളെയും ബന്ധിപ്പിച്ച് ഒരു പാലം ഉണ്ടായിരുന്നെങ്കിലെന്ന് തേങ്ങലോടെ ജനം ആഗ്രഹിച്ചിരുന്നു. ആറ് പതിറ്റാണ്ടുകൾക്കിപ്പുറവും ആ വിങ്ങലുകൾ ഇത്തിക്കരയാറ്റിൽ ഓളങ്ങളായി ഇന്നു തിരതല്ലുകയാണ്.

 പാലമെത്തിയാൽ

പള്ളിക്കമണ്ണടി പാലം യാഥാർത്ഥ്യമായാൽ ചാത്തന്നൂർ പഞ്ചായത്തിനെയും ആദിച്ചനല്ലൂർ പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കും. നിലവിലെ എട്ട് കിലോ മീറ്റർ ദൂരം ഇതോടെ ഒരു കിലോമീറ്ററായി കുറയും. ഇത്തിക്കര പാലത്തിന് സമാന്തരമായും പ്രയോജനപ്പെടും. എൻ.എച്ച് 66നും കുളത്തൂപ്പുഴ എസ്.എച്ചിനും ഇടയിൽ ലിങ്ക് റോഡായും ഉപയോഗിക്കാം.