valam

 ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ വർദ്ധിക്കുന്നു

കൊല്ലം: കാർഷികാവശ്യങ്ങൾക്കുള്ള അനധികൃത വളം വില്പന വ്യാപകമാകുന്നു. ലൈസൻസ് ഇല്ലാതെ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന വളങ്ങൾ കാർഷിക വിത്ത് കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ളവയിലൂടെയാണ് വിൽക്കുന്നത്. ലൈസൻസ് ഉള്ള വ്യാപരികൾ വിളകൾക്ക് അനുസൃതമായി സബ്‌സിഡിയോട് കൂടിയാണ് കർഷകന് വളം നൽകുന്നത്.

എന്നാൽ അനധികൃത വ്യാപാരികളിൽ നിന്ന് പരിധിയില്ലാതെ രാസവളം ലഭിക്കുന്നതാണ് കർഷകരെ ആകർഷിക്കുന്നത്. ലൈസൻസ് ഇല്ലാതെ നടത്തുന്ന ഇത്തരം വിൽപ്പനയ്ക്ക് നേരെ അധികൃതരും കണ്ണടയ്ക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ അടുക്കള കൃഷിത്തോട്ടം പദ്ധതിയെ തുടർന്നുണ്ടായ വളം വിപണിയുടെ സാദ്ധ്യത മുതലെടുത്താണ് അനധികൃത വ്യാപാരം സജീവമായത്.

കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഓരോ മേഖലയിലും ആവശ്യമായ ഉപയോഗം കണക്കാക്കിയാണ് വളം വിതരണം ചെയ്യുന്നത്. ഇതിനായി ഓരോ കൃഷിഭവൻ പരിധിയിലുള്ള കർഷകരിൽ നിന്ന് അംഗീകൃത സൊസൈറ്റികൾ സ്വീകരിക്കുന്ന കാർഷിക ഉത്പന്നങ്ങളുടെ കണക്കും താരതമ്യം ചെയ്യും. വളം വിതരണത്തിന് സർക്കാർ ഏജൻസികളെയും വിതരണക്കാരെയും നിയോഗിച്ചിട്ടുണ്ട്. എന്നാലിത് ഫലപ്രദമായിട്ടില്ല. അനധികൃത രാസവള വില്പന കേന്ദ്രങ്ങൾക്ക് തടയിട്ടില്ലെങ്കിൽ കാർഷിക വിളകൾക്ക് സമീപഭാവിയിൽ തന്നെ തിരിച്ചടി നേരിടേണ്ടിവരും.

 ലൈസൻസ് നൽകുന്നത്

ബി.എസ്‌സി കെമിസ്ട്രി അല്ലെങ്കിൽ അഗ്രിക്കൾച്ചർ ഐശ്ചിക വിഷയമായി പഠിച്ചവർക്ക് കൃഷിവകുപ്പ്, കൃഷി വിജ്ഞാൻ കേന്ദ്ര, സെന്റർ ഫോർ അഗ്രിക്കൾച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന പരിശീലനം ലഭിച്ചവർക്ക് ലൈസൻസ് നേടാം. പ്രവൃത്തി പരിചയ ക്ലാസുകൾ, പരീക്ഷകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ലൈസൻസ് നൽകുന്നത്. ഓരോ വിളകൾക്കും അവയുടെ വളർച്ച, മണ്ണിന്റെ ഘടന എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമേ വളപ്രയോഗം പാടുള്ളൂ. ഇതിനായി വള വ്യാപാരികൾക്ക് കൃഷിവകുപ്പ് പരിശീലനവും നൽകും.