പദ്ധതി നിർവഹണം ഇഴയുന്നു
കൊല്ലം: സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി 68 ദിവസം മാത്രം ബാക്കി നിൽക്കെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഖജനാവിൽ ചെലവിടാതെ ബാക്കി നിൽക്കുന്നത് 329.45 കോടി രൂപ. പദ്ധതി നിർവഹണം വരും ദിവസങ്ങളിൽ കൂടുതൽ കാര്യക്ഷമമായില്ലെങ്കിൽ വൻതുക ഇത്തവണ നഷ്ടമാകാൻ സാദ്ധ്യതയുണ്ട്.
658.29 കോടിയാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ആകെ പദ്ധതി തുക. ഇതിൽ 328.84 കോടിയാണ് ഇതുവരെ ചെലവിട്ടത്. തദ്ദേശ തിരഞ്ഞെടുപ്പും കൊവിഡും ഇത്തവണത്തെ പദ്ധതി നിർവഹണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. പുതുതായി ചുമതലയേറ്റ ഭരണസമിതികൾ പദ്ധതി നിർവഹണം കാര്യക്ഷമമാക്കാൻ സജീവമായി ഇടപെടുമെന്നാണ് പ്രതീക്ഷ.
ജില്ല 13-ാം സ്ഥാനത്ത്
പദ്ധതി നിർവഹണത്തിൽ ജില്ല സംസ്ഥാനത്ത് പതിമൂന്നാം സ്ഥാനത്താണ്. വർഷങ്ങൾക്ക് ശേഷമാണ് കൊല്ലം പദ്ധതി നിർവഹണത്തിൽ ഇത്രയധികം പിന്നിൽ പോകുന്നത്. തിരുവനന്തപുരമാണ് പദ്ധതി ചെലവിൽ കൊല്ലത്തിന്റെ പിന്നിലുള്ളത്.
ഏറ്റവും പിന്നിൽ കൊല്ലം കോർപ്പറേഷൻ
പദ്ധതി ചെലവിൽ ജില്ലയിൽ ഏറ്റവും പിന്നിൽ കൊല്ലം കോർപ്പറേഷനാണ്. ആകെ പദ്ധതി തുകയായ 158.99 കോടിയിൽ 37.82 കോടി മാത്രമാണ് ഇതുവരെ ചെലവിട്ടത്. സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളുടെ കൂട്ടത്തിലും ഏറ്റവും പിന്നിൽ കൊല്ലമാണ്. ബ്ലോക്ക് പഞ്ചായത്തുകളുടെ കൂട്ടത്തിൽ മുഖത്തലയും ഗ്രാമപഞ്ചായത്തുകളിൽ പടിഞ്ഞാറെ കല്ലടയും മുനിസിപ്പാലിറ്രികളിൽ കൊട്ടാരക്കരയുമാണ് പിന്നിൽ. കൊല്ലം കോർപ്പറേഷൻ കഴിഞ്ഞാൽ അഞ്ചൽ, കുളക്കട, കുളത്തൂപ്പുഴ പഞ്ചായത്തുകളാണ് ചെലവിൽ ഏറ്റവും പിന്നിൽ. പക്ഷെ ഈ സ്ഥാപനങ്ങളെല്ലാം 40 ശതമാനത്തിന് മുകളിൽ ചെലവിട്ട് കഴിഞ്ഞു. ട്രഷറിയിൽ നിന്ന് ബില്ല് മാറാത്താണ് പദ്ധതി ചെലവ് കുറയാനുള്ള കാരണമായി തദ്ദേശ സ്ഥാപനങ്ങൾ പറയുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പദ്ധതി ചെലവിൽ പിന്നിൽ പോയ ജില്ലാ പഞ്ചായത്ത് ഇത്തവണ 56.58 ചെലവിട്ട് സംസ്ഥാനത്ത് ആറാം സ്ഥാനത്താണ്.
ആകെ പദ്ധതി തുക: 658.29 കോടി
ചെലവിട്ടത്: 328.84 കോടി
ചെലവ് ശതമാനം: 49.95 %