chinnakkada-clock-tower
ചിന്നക്കട ക്ളോക്ക് ടവറിന് സമീപത്തെ ബസ്ബേ

കൊല്ലം: നഗരകേന്ദ്രത്തിൽ ക്ളോക്ക് ടവറിന് സമീപമുള്ള ബസ്ബേയോടുള്ള കെ.എസ്.ആർ.ടി.സിയുടെ അവഗണന തുടരുന്നു. തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ബസുകളും കിഴക്കൻ മേഖലകളിലേക്ക് കണ്ണനല്ലൂർ വഴി പോകുന്ന ബസുകളും സ്റ്റാൻഡ് വിട്ടാൽ പിന്നെ റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റോപ്പിലാണ് നിറുത്തുന്നത്. ചിന്നക്കട വരെ സർവീസ് നടത്തുന്ന ബസുകൾ പോസ്റ്റോഫീസിന് മുന്നിൽ നിന്ന് തിരിഞ്ഞുപോകുകയും ചെയ്യും.

ചിന്നക്കട അടിപ്പാത നിർമ്മാണം ആരംഭിച്ചപ്പോൾ ഇതുവഴിയുള്ള എല്ലാ ബസുകളും ആണ്ടാമുക്കം ബസ് സ്റ്റാൻഡ് വഴിയായിരുന്നു സർവീസ്. അന്ന് കെ.എസ്.ആർ.ടി.സി ബസുകൾ ചിന്നക്കട റൗണ്ട് ചുറ്റി തിരികെ സ്റ്റാൻഡിലേക്ക് പോകുകയായിരുന്നു പതിവ്.

അടിപ്പാത നിർമ്മാണം പൂർത്തീകരിച്ച് ബസ്ബേ തുറന്നുകൊടുത്ത് വർഷങ്ങൾ കഴിഞ്ഞിട്ടും കെ.എസ്.ആർ.ടി.സി ബസുകൾ മാത്രം ബസ്ബേയിൽ പ്രവേശിക്കാറില്ല. ആണ്ടാമുക്കം സിറ്റി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് സിറ്റി ഓഫീസ് തുടങ്ങിയെങ്കിലും പത്തനംതിട്ട ലിമിറ്റഡ് സർവീസ് ഒഴികെ മറ്റൊന്നും ഇവിടേക്ക് എത്താറില്ല.

 വിചിത്രവാദവുമായി കെ.എസ്.ആർ.ടി.സി

ഏറ്റവും കൂടുതൽ യാത്രക്കാർ എത്തുന്ന ചിന്നക്കട ക്ളോക്ക് ടവർ ബസ്ബേ ഒഴിവാക്കുന്ന കെ.എസ്.ആർ.ടി.സിയുടെ നടപടിയിൽ യാത്രക്കാരുടെ പ്രതിഷേധം ശക്തമാണ്. നഗരത്തിലൂടെ സർവീസ് നടത്തുന്ന ദീർഘദൂര സ്വകാര്യബസുകൾക്ക് യാത്രക്കാർ കൂടുതൽ ലഭിക്കുന്നത് ഇവിടെ നിന്നാണ്. യാത്രക്കാരെ കൂടുതൽ ലഭിക്കുമെന്നതിൽ തർക്കമില്ലെങ്കിലും ക്ലോക്ക് ടവർ സ്റ്റാൻഡിൽ എത്തിയാൽ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുമെന്ന വിചിത്രവാദമാണ് അധികൃതർ പറയുന്നത്.