പത്തനാപുരം: പുനലൂർ -മൂവാറ്റുപുഴ പാതയിൽ പത്തനാപുരം നടുക്കുന്നിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ നിർമ്മാണ ശാലയിൽ തീപിടിത്തം. തടികളും ഫർണിച്ചറുകളുമടക്കം അഗ്നിക്കിരയായി. ഇന്നലെ പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം.
അൽ അമീൻ കവലയിൽ വുഡ് വർക്സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. അടുത്തിടെ മരണപ്പെട്ട പ്രദേശവാസിയായ അബ്ദുൾ ലത്തീഫിന്റേതായിരുന്നു സ്ഥാപനം. അബ്ദുൾ ലത്തീഫിന്റെ ഭാര്യ ജാസ്മിനും മക്കളുമാണ് സ്ഥാപനം നടത്തി വന്നിരുന്നത്. കുടുംബത്തിന്റെ ഏക ഉപജീവനമാർഗമാണ് കത്തി നശിച്ചത്. ഏകദേശം ആറ് ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്.
പുലർച്ചെ അഞ്ച് മണിവരെ ഫർണിച്ചർ കടയോട് ചേർന്ന മുറിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന
രാജേന്ദ്രൻ എന്നയാൾ അവിടെ ഉണ്ടായിരുന്നു. ഹോട്ടൽ തൊഴിലാളിയായ രാജേന്ദ്രൻ ജോലിക്കായി പോയതിന് ശേഷമാണ് തീപിടുത്തമുണ്ടായത്.
തന്റെ പ്രമാണവും സ്വർണമാലയും മറ്റ് വിലപ്പെട്ട രേഖകളും വസ്ത്രങ്ങളും നഷ്ടപ്പെട്ടതായി രാജേന്ദ്രൻ പറഞ്ഞു. പത്തനാപുരം,പുനലൂർ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് സംഘം 2 മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.