libin-thomas-29

കൊട്ടാരക്കര: എം.സി റോഡിൽ കൊട്ടാരക്കര പനവേലിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ എം.എഫിൽ വിദ്യാർത്ഥി മരിച്ചു. കുളക്കട കുറ്ററ ചരുവിള വീട്ടിൽ സി. തോമസിന്റെ മകൻ ലിബിൻ തോമസാണ് (29) മരിച്ചത്. ഇന്നലെ വൈകിട്ട് നാലേകാലോടെയാണ് സംഭവം. ലിബിൻ ഓടിച്ചിരുന്ന ബൈക്കും എതിർ ദിശയിൽ കൊട്ടാരക്കര ഭാഗത്തുനിന്ന് വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ലിബിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം കാര്യവട്ടത്ത് എം.ഫിൽ വിദ്യാർത്ഥിയാണ് ലിബിൻ. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കൊട്ടാരക്കര പൊലീസ് കേസെടുത്തു. അമ്മ: വത്സമ്മ തോമസ്. സഹോദരി: ലിജിത് തോമസ്.