ശാസ്താംകോട്ട: കരുനാഗപ്പള്ളി മാളിയേക്കൽ റെയിൽവേ മേൽപ്പാല നിർമ്മാണോദ്ഘാടനം കഴിഞ്ഞിട്ടും മൈനാഗപ്പള്ളിയിലെ മേൽപ്പാലം ഇന്നും പ്രഖ്യാപനമായി അവശേഷിക്കുന്നു. മൈനാഗപ്പള്ളിയിൽ റെയിൽവേ മേൽപ്പാലം പണിയണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കരുനാഗപ്പള്ളി - ശാസ്താംകോട്ട പ്രധാന പാതയിലെ മൈനാഗപ്പള്ളിയിലെ ലെവൽ ക്രോസുകൾ നാടിന്റെ ശാപമായാണ് യാത്രക്കാരും നാട്ടുകാരും പറയുന്നത്.
ആറ് ലെവൽ ക്രോസുകൾ
മൈനാഗപ്പള്ളി പഞ്ചായത്തിന്റെ പരിധിയിൽ ചെറിയ ദൂരവ്യത്യാസത്തിനിടയിൽ മാത്രം ആറ് ലെവൽ ക്രോസുകളാണുള്ളത്. ലെവൽ ക്രോസിലെ ഗേറ്റടവിൽ കുടുങ്ങി ചികിത്സ കിട്ടാൻ വൈകി പൊലിഞ്ഞ ജീവനുകളുടെ എണ്ണവും വളരെ വലുതാണ്. തിരക്കേറിയ രാവിലെയും വൈകുന്നേരങ്ങളിലും ഇരട്ടപ്പാതയിലൂടെ ട്രെയിനുകൾ കൂകി പായുമ്പോൾ മൈനാഗപ്പള്ളിയിലെ ലെവൽ ക്രോസ് കടന്ന് കിട്ടാനുള്ള വാഹനങ്ങളുടെ പാച്ചിലിനിടെ ഉണ്ടായ റോഡപകടങ്ങൾ നിരവധിയാണ്.
വാഗ്ദാനങ്ങളിൽ ഒതുങ്ങി
ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരങ്ങൾ നടത്തിയെങ്കിലും പാലിക്കപ്പെടാത്ത തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പട്ടികയിൽ മൈനാഗപ്പള്ളിയിലെ റെയിൽവേ മേൽപ്പാലം ഒതുങ്ങി. ശാസ്താംകോട്ട പ്രധാന പാതയിൽ മാളിയേക്കൽ ജംഗ്ഷനിലും മൈനാഗപ്പള്ളിയിലും മേൽപ്പാലം നിർമ്മിക്കണമെന്ന് ആവശ്യം അംഗീകരിച്ച് നിരവധി തവണ മേൽപ്പാലത്തിന് റെയിൽവേ അനുമതി നൽകിയെങ്കിലും ഫണ്ട് അനുവദിക്കുന്നതിലുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തർക്കം മേൽപ്പാലത്തിന് തടസമായി.മാളിയേക്കൽ ജംഗ്ഷനിൽ മേൽപ്പാലം നിർമ്മാണോദ്ഘാടനം കഴിഞ്ഞിട്ടും മൈനാഗപ്പള്ളിയെ അവഗണിക്കുന്നതിൽ പ്രതിഷേധം ശക്തമാണ്.