snehaveedu
സ്നേഹ വീടിന്റെ താക്കോൽദാനം കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കുന്നു

ഓച്ചിറ: സമൂഹത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പരിഹാരമുണ്ടാക്കുമ്പോൾ ഗുണഭോക്താവിനുണ്ടാകുന്ന സംതൃപ്തിയാണ് ഒരു പൊതു പ്രവർത്തകന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. ക്ലാപ്പന പ്രയാർ തെക്ക് മൂന്നാം വാർഡിൽ സജിതാ ഭവനത്തിൽ സുധാകരനും കുടുംബത്തിനും കെ.സി. വേണുഗോപാൽ എം.പി മുൻകൈയെടുത്ത് ഫൈസൽ ആൻഡ് ഷബാനാ ഫൗണ്ടേഷന്റെ സഹകരണത്തോടെ നിർമ്മിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അവിവാഹിതയും വികലാംഗയുമായ മകൾക്കൊപ്പം വാടക വീട്ടിൽ താമസിക്കേണ്ടി വന്ന കാൻസർ രോഗിയുടെ ദുരിതകഥ ശ്രദ്ധയിൽ പെട്ടതോടെയാണ് കെ.സി വേണുഗോപാൽ എം.പി ഇടപെട്ടത്. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. സി.ആർ. മഹേഷ്, എം. അൻസാർ, ആർ. രാജശേഖരൻ, ഷിബു എസ്. തൊടിയൂർ, കെ.വി. സൂര്യകുമാർ, ടി.എസ്. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.