അവധി ദിനത്തിൽ ക്വട്ടേഷനുകൾ പൊട്ടിച്ചു
പുതിയ ഭരണസമിതി കരാർ നടപടി മരവിപ്പിച്ചു
കൊല്ലം: ഇറച്ചിക്കോഴി വില്പനശാലകളിൽ നിന്ന് മാലിന്യം സംഭരിക്കുന്നതിന് സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തുന്ന നഗരസഭയുടെ കരാർ വീണ്ടും വിവാദത്തിൽ. കൂടുതൽ ഏജൻസികളെ ടെണ്ടറിൽ പങ്കെടുക്കാൻ അനുവദിക്കാതെ അതുവരെ ലഭിച്ച താത്പര്യപത്രങ്ങൾ പെട്ടെന്ന് പ്രഖ്യാപിച്ച അവധി ദിനത്തിൽ പൊട്ടിച്ച് കരാറിലേക്ക് നീങ്ങാനായിരുന്നു ഉദ്യോഗസ്ഥരുടെ ശ്രമം. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ ഭരണം നിലനിൽക്കുമ്പോൾ നടന്ന നീക്കം പുതിയ ഭരണസമിതി എത്തിയതോടെ താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.
ശീതീകരണം, ജി.പി.എസ് ട്രാക്കിംഗ് എന്നീ സംവിധാനങ്ങളുള്ള വാഹനങ്ങളും സ്വന്തമായി റെൻഡറിംഗ് പ്ലാന്റോ, പ്ലാന്റുള്ളവരുമായി കരാറോ ഉള്ള ഏജൻസികളിൽ നിന്നാണ് പുതിയ താത്പര്യപത്രം ക്ഷണിച്ചത്. ഈ ഘടകങ്ങൾക്ക് പുറമേ വരുമാനത്തിൽ നിന്ന് കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ഏജൻസിയുമായാണ് കരാറിലേർപ്പെടേണ്ടത്. ടെണ്ടറുകൾ പരിഗണിക്കുമ്പോൾ കാലാവധി അവസാനിക്കുന്ന ദിവസം പെട്ടെന്ന് അവധി പ്രഖ്യാപിച്ചാൽ ഒരു ദിവസം കൂടി നീട്ടിനൽകാറുണ്ട്. എന്നാൽ ബുറേവിയെ തുടർന്ന് അവധി പ്രഖ്യാപിച്ച ഡിസംബർ 4ന് താത്പര്യപത്രങ്ങൾ തുറന്ന നഗരസഭാ ആരോഗ്യവിഭാഗം തൊട്ടടുത്ത ദിവസം എത്തിയവരിൽ നിന്ന് ക്വട്ടേഷൻ സ്വീകരിച്ചതുമില്ല.
ഇറച്ചിക്കോഴി മാലിന്യം സംഭരിക്കുന്നതിന് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഏർപ്പട്ട കരാർ വിവാദത്തിലായിരുന്നു. നിയമലംഘനങ്ങളടക്കം ഉയർന്നതോടെ നഗരസഭാ സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്നത്തെ കരാർ റദ്ദാക്കാനും പുതിയ ക്വട്ടേഷൻ ക്ഷണിക്കാനും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ഇങ്ങനെ ക്ഷണിച്ച കരാറാണ് വീണ്ടും പ്രതിസന്ധിയിലായിരിക്കുന്നത്.
നഗരത്തെ നാറ്റിച്ച പഴയ കരാർ
കഴിഞ്ഞ ഭരണസമിതിയുടെ അവസാന കൗൺസിൽ യോഗത്തിൽ നിയമവിരുദ്ധമായി കോഴി വേസ്റ്റ് ശേഖരണ കരാറിന് അനുമതി നൽകിയിരുന്നു. അന്ന് കരാർ ലഭിച്ച ഏജൻസി വിവിധ സ്ഥലങ്ങളിൽ നിന്ന് ചെറുവാഹനങ്ങളിൽ ശേഖരിക്കുന്ന മാലിന്യം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാനായി പീരങ്കി മൈതാനത്ത് വച്ചാണ് വലിയ വാഹനത്തിലേക്ക് മാറ്റിയിരുന്നത്. ഇറച്ചിക്കോഴിയുടെ അവശിഷ്ടങ്ങൾ സ്ഥലത്ത് ഉപേക്ഷിക്കുന്നത് പതിവായതോടെ അസഹ്യമായ ദുർഗന്ധം പരന്നു.
ഇതിനെതിരെ പരാതി ലഭിച്ചതോടെ ജില്ലാ കളക്ടർ കരാർ പരിശോധിക്കാൻ നഗരസഭയോട് ആവശ്യപ്പെട്ടു. പരിശോധനയിൽ സംസ്കരണത്തിന് സംവിധാനങ്ങളില്ലാത്ത ഏജൻസിയാണ് കരാറെടുത്തിരിക്കുന്നതെന്ന് വ്യക്തമായി. നഗരസഭയ്ക്ക് ഒരു രൂപയുടെ വരുമാനവും ലഭിച്ചിരുന്നില്ല. ഇതിന് പുറമേ അന്നും സെക്രട്ടറിക്ക് പകരം ഹെൽത്ത് സൂപ്പർവൈസറാണ് കരാറൊപ്പിട്ടത്.
'' കോഴിവേസ്റ്റ് ശേഖരണ കരാറിൽ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിൽ അടുത്ത കൗൺസിൽ യോഗം തീരുമാനമെടുക്കും.''
ഹരികുമാർ (നഗരസഭാ സെക്രട്ടറി)