രാസവളത്തിൽ മുങ്ങി അടുക്കളത്തോട്ടം
കൊല്ലം: അനധികൃത വളംവില്പന തകൃതിയായി നടത്തുന്നതിനൊപ്പം ജൈവവളത്തിന്റെ പേരിലും തട്ടിപ്പ്. പൂച്ചെടി, പച്ചക്കറി നഴ്‌സറികളുടെ മറവിലാണ് തട്ടിപ്പ്. അജൈവമാലിന്യങ്ങൾ സംസ്‌കരിച്ച് പൊടിയാക്കി പായ്ക്കറ്റുകളിൽ ജൈവവളം എന്നപേരിൽ വില്പന നടത്തുകയാണ്. ജൈവവളം വിൽക്കുന്നതിന് ലൈസൻസ് ആവശ്യമില്ലെന്ന് പറഞ്ഞാണ് കച്ചവടം.
ഇത്തരം പായ്ക്കറ്റുകളിൽ രാസവളം, കീടനാശിനി എന്നിവയും അടങ്ങിയിട്ടുണ്ട്. കീടനാശിനി ഉപയോഗിച്ചാൽ നിഷ്‌കർഷിച്ചിട്ടുള്ള ഇടവേളയ്ക്ക് ശേഷം മാത്രമേ വിളവെടുപ്പ് നടത്താൻ കഴിയൂ. കീടനാശിനി, രാസവളങ്ങൾ വില്പന നടത്തുമ്പോൾ അതേക്കുറിച്ചുള്ള ബോധവത്‌കരണം നടത്തണമെന്നാണ് നിയമം. ലൈസൻസുള്ള വ്യാപാരികൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ടെങ്കിലും അനധികൃത വില്പനക്കാർ നിയന്ത്രണങ്ങൾ പാലിക്കുന്നില്ല.
അടുക്കള കൃഷിത്തോട്ടത്തിലേയ്ക്ക് തിരിഞ്ഞ സാധാരണക്കാർ ദൂഷ്യവശങ്ങളെ കുറിച്ച് പൂർണമായും ബോധവാന്മാരല്ല. ജൈവവളമെന്ന് വിശ്വസിപ്പിച്ച് രാസവളം നൽകി ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ് അനധികൃത വളം വ്യാപാരികൾ.
വെറുതെകിട്ടില്ല ഫാക്ടംഫോസ്
പൂക്കളും കായ്കളും കൂടുതലുണ്ടാകുമെന്നും ഫാക്ടംഫോസ് എത്രവേണമെങ്കിലും കിട്ടുമെന്നും വിശ്വസിപ്പിച്ചാണ് മറ്റൊരു തട്ടിപ്പ്. പൂക്കൾ ഉണ്ടാകണമെങ്കിൽ പൊട്ടാഷിന്റെ സാന്നിദ്ധ്യം വേണം. ഫാക്ടംഫോസിൽ പൊട്ടാഷിന്റെ അംശം ഇല്ലെന്നതാണ് യാഥാർത്ഥ്യം. ഇവ വാങ്ങണമെങ്കിൽ അതാത് കൃഷി ഓഫീസറുടെ കുറിപ്പടിയും ആധാർ കാർഡിന്റെ പകർപ്പും നൽകണമെന്നാണ് നിയമം.
തട്ടിപ്പിന് തട്ടിക്കൂട്ട് സംഘങ്ങൾ
1. വളം വില്പന നടത്തുന്നതിന് തട്ടിക്കൂട്ട് കാർഷിക സംഘങ്ങൾ
2. ആറോ എഴോപേർ ചേർന്ന് കാർഷിക സഹകരണസംഘം രജിസ്റ്റർ ചെയ്താണ് തുടക്കം
3. പിന്നീട് നിയന്ത്രണം ഒന്നോ രണ്ടോ പേരിലേയ്ക്ക് ഒതുങ്ങും
4. കാർഷികാവശ്യങ്ങൾക്കെന്ന വ്യാജേന ചില കമ്പനികളിൽ നിന്ന് വലിയ അളവിൽ വളം വാങ്ങിക്കൂട്ടും
5. തുടർന്ന് ചെറിയ പായ്ക്കറ്റുകളിലാക്കി ജൈവവളമെന്ന പേരിൽ വിൽക്കും
6. ഓരോകിലോയ്ക്കും 20 മുതൽ 80 രൂപവരെ ലാഭം
7. വില്പന ബില്ല് നൽകാതെ
8. ചരക്ക് സേവന നികുതിയിനത്തിൽ സർക്കാരിനും വൻ നഷ്ടം
വളം വില്പന
ജില്ലയിൽ ലൈസൻസുള്ളവർ: 300
വില്പനശാലകൾ: 1,000ന് മുകളിൽ
''
സർക്കാരിൽ നിന്ന് സബ്‌സിഡി അനുവദിച്ചിട്ടുള്ള വളം നിർമ്മാണ ഫാക്ടറികളിൽ നിന്ന് ഇത്തരം കാർഷിക സംഘങ്ങൾക്ക് നൽകാറില്ല.
അധികൃതർ