mister
കൊല്ലം പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ ജെ. മേഴ്സിക്കുട്ടിഅമ്മ സംസാരിക്കുന്നു

കൊല്ലം: കൊല്ലം തുറമുഖത്ത് ഇനിയും കപ്പലുകൾ അടുക്കാത്തതിന് കാരണം കേന്ദ്ര സർക്കാരാണെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. കൊല്ലം പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
എമിഗ്രേഷൻ ക്ലിയറൻസിന് കേന്ദ്രം പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തു. എന്നിട്ടും കേന്ദ്രസർക്കാർ അനുമതി വൈകിപ്പിക്കുകയാണ്. ഇനിയും പലതും ചെയ്യണമെന്ന് നിർബന്ധം പിടിക്കുകയാണ്. നിലവിലെ സൗകര്യങ്ങൾ വച്ച് കേന്ദ്രസർക്കാരിന് അനുമതി നൽകാവുന്നതേയുള്ളൂ. അങ്ങനെവന്നാൽ കപ്പലിൽ തോട്ടണ്ടി അടക്കമുള്ളവ ഇറക്കുമതി ചെയ്യാനാകും. മാത്രമല്ല കൊല്ലം പട്ടണത്തിൽ വലിയ വികസനസാദ്ധ്യതകൾക്കും വഴിതുറക്കും.
കൊല്ലം തോടിന്റെ നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നത് കരാറുകാരുടെ വീഴ്ചയാണ്. ബന്ധപ്പെട്ട കരാറുകാരെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്താൻ ആലോചിച്ചിരുന്നു. കോടതിയിൽ കേസുള്ളതിനാൽ മറ്റ് നടപടികളൊന്നും എടുക്കാനായിട്ടില്ല. എന്നാലും നിർമ്മാണം വേഗത്തിലാക്കാനുള്ള നടപടികൾ നീക്കുകയാണ്.
സോളാർ കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ടത് നടപടിക്രമങ്ങളുടെ ഭാഗമായാണ്. മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. ഇടത് സർക്കാർ അധികാരത്തിൽ വന്നശേഷം വലിയ വികസനമാണ് ജില്ലയിൽ നടന്നത്. 80 ശതമാനം റോഡുകളും പത്ത് വർഷമെങ്കിലും തകരാത്തവിധം റീടാറിംഗ് ചെയ്തു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പോലും 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി. കുടിവെള്ളവും വൈദ്യുതിയും അടക്കം ജില്ലയിൽ ഒരു കാലത്തും ഉണ്ടായിട്ടില്ലാത്ത വിധം വലിയ വികസനം കാഴ്ചവച്ചെന്നും മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു.