manjulal

 അംഗീകാരമായി രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

കൊല്ലം: വെള്ളറട വില്ലേജ് ഓഫീസിലേക്ക് മുഖംമൂടിയും ജാക്കറ്റും ധരിച്ച് ഒരാൾ ചീറിപ്പാഞ്ഞെത്തി. കൈയിൽ കരുതിയിരുന്ന മണ്ണെണ്ണ ഓഫീസിലേയ്ക്ക് വീശിയൊഴിച്ചു. നിമിഷനേരത്തിനുള്ളിൽ തീ കൊളുത്തിയ ശേഷം ബൈക്കിൽ മിന്നിമറഞ്ഞു. ജീവനക്കാർക്ക് പൊള്ളലേറ്റതിന് പുറമേ ഓഫീസ് രേഖകളും കത്തിനശിച്ചു.

പൊലീസ് സംഘത്തിന് പ്രതിയെ കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. അന്വേഷണസംഘം കടുത്ത സമ്മർദ്ദത്തിലായി. ഇതിനിടയിൽ ആര്യനാട് സി.ഐക്ക് ചെറിയ പിടിവള്ളി കിട്ടി. അതിൽ പിടിച്ചുകയറി ദിവസങ്ങൾക്കുള്ളിൽ പ്രതിയെ പൊക്കി. അന്നത്തെ ആര്യനാട് സി.ഐയാണ് ഇന്നത്തെ കരുനാഗപ്പള്ളി എസ്.എച്ച്.ഒ മഞ്ജുലാൽ. മികച്ച കുറ്റാന്വേഷണ ഉദ്യോഗസ്ഥനും പൊലീസിലെ ജനകീയനുമായ അദ്ദേഹത്തെ തേടി രാഷ്ട്രപതിയുടെ പൊലീസ് മെഡൽ എത്തിയത് അർഹതയ്ക്കുള്ള അംഗീകാരമാണ്.

2013ലാണ് വെള്ളറട സംഭവം. വില്ലേജ് ഓഫീസ് പരിസരത്തെങ്ങും സി.സി ടി.വി കാമറകളില്ലായിരുന്നു. ആകെ ലഭിച്ച വിവരം കുറ്റവാളി കറുത്ത ജാക്കറ്റ് ധരിച്ചിരുന്നുവെന്ന് മാത്രമാണ്. അന്വേഷണം വഴിമുട്ടി നിൽക്കുമ്പോൾ തമിഴ്നാട് അതിർത്തി പ്രദേശത്ത് ഉപേക്ഷിച്ച നിലയിൽ ഒരു ജാക്കറ്റ് കിട്ടി. അതിൽ നിന്ന് അടൂർ സ്വദേശിയുടെ ബാങ്ക് ഇടപാടിന്റെ സൂചനകളുള്ള നനഞ്ഞുകീറിയ ഒരു കടലാസ് തുണ്ട് കിട്ടി. ആ കടലാസിൽ നിന്ന് മഞ്ജുലാൽ അടൂർ സ്വദേശിയായ പ്രതിയിലേക്ക് എത്തുകയായിരുന്നു. വെള്ളറടയിലുള്ള ഭൂമിയുടെ പോക്കുവരവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ഉണ്ടായ തർക്കത്തിന്റെ വൈരാഗ്യത്തിലാണ് തീയിട്ടത്. കാട്ടാക്കടയിലെ കൊലപാതകം അടക്കം മഞ്ജുലാലിന്റെ അന്വേഷണ മികവിന്റെ പട്ടിക നീണ്ടതാണ്.

2004ലാണ് എസ്.ഐയായി സർവീസിൽ പ്രവേശിച്ചത്. 2013ൽ സി.ഐയായി. മൺറോത്തുരുത്ത് പേഴുംതുരുത്ത് പുത്തൻവീട്ടിലാണ് താമസം. കേരളകൗമുദി ഏജന്റായിരുന്ന സത്യവ്രതന്റെയും രാധമ്മയുടെയും നാലാമത്തെ മകനാണ്. യു.പി സ്കൂൾ അദ്ധ്യാപിക നിതയാണ് ഭാര്യ. ഏഴാം ക്ലാസുകാരി ദേവനന്ദന, മൂന്നാം ക്ലാസുകാരി ലക്ഷ്മി നന്ദന എന്നിവരാണ് മക്കൾ.

 കരുത്തനായ കൊവിഡ് വാരിയർ

കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശങ്ങളിൽ കൊവിഡ് പടർന്നുപിടിച്ചു. പക്ഷെ മറ്റ് പ്രദേശങ്ങളെക്കാൾ വേഗത്തിൽ കരുനാഗപ്പള്ളിയിൽ കൊവിഡ് നിയന്ത്രണവിധേയമായി. സമ്പർക്കപട്ടിക കൃത്യമായി തയ്യാറാക്കിയും ജനജീവിതത്തെ ബാധിക്കാതെ നിയന്ത്രണങ്ങൾ ശക്തമാക്കിയും കരുനാഗപ്പള്ളിയിൽ കൊവിഡ് പ്രതിരോധത്തിന് ചുക്കാൻ പിടിച്ചത് മഞ്ജുലാലായിരുന്നു. ഇതിനുള്ള അംഗീകാരമായി ഡി.ജി.പിയുടെ കൊവിഡ് വാരിയർ പുരസ്കാരം അടുത്തിടെ ലഭിച്ചിരുന്നു. 2016ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും 2018ൽ അദ്ദേഹം സി.ഐ ആയിരിക്കെ കൊല്ലം ഈസ്റ്റ് സ്റ്റേഷന് ബെസ്റ്റ് പൊലീസ് സ്റ്റേഷൻ അവാർഡും ലഭിച്ചിരുന്നു. അന്വേഷണ മികവും കറപുരളാത്ത സർവീസ് റെക്കോർഡും കണക്കിലെടുത്ത് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചിട്ടുണ്ട്.