കൊല്ലം: ജില്ലയിൽ ഏറ്റവും കൂടുതൽ പരേഡ് നയിക്കാനായതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലെ ഇൻസ്പെക്ടർ എം.സി. ചന്ദ്രശേഖരൻ. 2007ൽ പൊലീസ് സർവീസിലെത്തിയ ഇദ്ദേഹം 2008 മുതൽ 2015 വരെ പ്ലാറ്റൂൺ കമാൻഡറായി പരേഡുകൾ നയിച്ചു.
2016ൽ തൃശൂരിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിലൂടെയാണ് പൂർണമായ പരേഡ് നയിക്കാൻ ആരംഭിക്കുന്നത്. ഇന്ന് ലാൽബഹദൂർ സ്റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് കൂടി നേതൃത്വം നൽകുമ്പോൾ താൻ നേതൃത്വം നൽകിയ പരേഡിന്റെ എണ്ണം പതിന്നാലാകും. പ്ലാറ്റൂൺ കമാൻഡറായി പതിനാറ് തവണ പരേഡ് നയിച്ചതുകൂടി കണക്കാക്കിയാൽ മുപ്പത് പരേഡുകളിൽ സാന്നിദ്ധ്യമുണ്ടായി. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ശബരിമല ഡ്യൂട്ടിയിലായിരുന്നു. ഇതൊഴിച്ചാൽ തുടർച്ചയായി എല്ലാ പരേഡുകൾക്കും ചന്ദ്രശേഖരൻ മുന്നിലുണ്ടായിരുന്നു.
സ്വാതന്ത്ര്യസമര പോരാളികളുടെ പേരുകൾ മക്കൾക്ക് നൽകിയ രാജ്യസ്നേഹിയായ ഒരു പൊലീസുകാരനെയും ഇദ്ദേഹത്തിൽ നമുക്ക് കാണാൻ കഴിയും. പ്ലസ്‌ടു വിദ്യാർത്ഥിയായ ആസാദ്, ഏഴാം ക്‌ളാസുകാരനായ ഭഗത്, അഞ്ചാം ക്ലാസുകാരനായ മംഗൽ എന്നിവരാണ് മക്കൾ. പത്തനംതിട്ട, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ സേവനം അനുഷ്ഠിച്ച നാല്പത്തിയെട്ടുകാരനായ ഇദ്ദേഹം പത്തനംതിട്ട വടശേരിക്കര സ്വദേശിയാണ്. അനിതയാണ് ഭാര്യ.