കൊല്ലം : ജില്ലാ അതിർത്തിയിൽ കഴിഞ്ഞ 60 വർഷമായി പ്രവർത്തിക്കുന്ന തെന്മല ചെക്ക് പോസ്റ്റിന്റെ പുതിയ കെട്ടിടം മന്ത്രി കെ. രാജു നാളെ 4 ന് നാടിന് സമർപ്പിക്കും. വനംവകുപ്പിന്റെ സ്ഥലത്ത് മൃഗസംരക്ഷണ വകുപ്പ് 1960ൽ ആരംഭിച്ച ചെക്ക് പോസ്റ്റിന് പരിമിതികളേറെയായിരുന്നു. പാൽ, മുട്ട, ഇറച്ചിക്കോഴികൾ, കാലികൾ, താറാവുകൾ, പന്നികൾ തുടങ്ങിയവ അയൽ സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് എത്തിക്കുന്നത് തെന്മല ചെക്ക് പോസ്റ്റ് വഴിയാണ്. വളത്തിനായി കൊല്ലത്ത് നിന്ന് കൊണ്ടുപോകുന്ന എല്ലും മറുനാട്ടിൽ നിന്നെത്തുന്ന കാലിത്തീറ്റയും വൈക്കോലും തെന്മല വഴിയാണ് കടന്നു വരുന്നത്. പക്ഷിപ്പനി, ആന്ത്രാക്സ് തുടങ്ങിയ ഭീഷണികൾ ഉയരുമ്പോൾ കർശന പരിശോധന നടത്താൻ മൃഗസംരക്ഷണ വകുപ്പിന് ജില്ലയിലുള്ള ഏക അതിർത്തി ചെക്ക് പോസ്റ്റും തെന്മല തന്നെ. പകർച്ച വ്യാധികളോ സാംക്രമിക രോഗങ്ങളോ സംശയിക്കുന്ന ഉരുക്കളുടെ രക്തസാമ്പിളുകൾ ശേഖരിച്ച് മുഖ്യരോഗ നിർണയ ലബോറട്ടറിയിലേയ്ക്ക് അയയ്ക്കാൻ ഇവിടെ സംവിധാനമുണ്ട്. പാലക്കാടുള്ള കാലാവസന്ത നിർമ്മാർജ്ജന യൂണിറ്റിനാണ് ചെക്ക് പോസ്റ്റിന്റെ ഭരണച്ചുമതല.
ക്വാറന്റൈൻ കേന്ദ്രം ഉടൻ
ചെക്ക് പോസ്റ്റിനോടനുബന്ധിച്ച് ക്വാറന്റൈൻ കേന്ദ്രവും നിർമ്മിക്കുന്നുണ്ട്. സംശയകരമായ സാഹചര്യത്തിലെത്തുന്ന മൃഗങ്ങളെയും പക്ഷികളെയും നിരീക്ഷിക്കാൻ ഇവിടെ സൗകര്യമൊരുക്കും. പുതിയ സൗകര്യങ്ങൾ ഒരുങ്ങുന്നതോടെ തെന്മല ചെക്ക് പോസ്റ്റിനെ മാതൃകാ ചെക്ക് പോസ്റ്റായി ഉയർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
10 ലക്ഷം രൂപ ചെലവ്
10 ലക്ഷം രൂപ ചെലവിൽ ഇപ്പോൾ പൂർത്തീകരിച്ച കെട്ടിടം പ്രീ ഫാബ്രിക്കേറ്റഡ് ശൈലിയിലാണ് നിർമ്മിച്ചത്.
നിർമ്മാണത്തിന്നായി തടിയോ വന വിഭവങ്ങളോ ഉപയോഗിച്ചിട്ടില്ല. ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ചെക്ക് പോസ്റ്റ് ആര്യങ്കാവ് വെറ്ററിനറി സർജന്റെ നിയന്ത്രണത്തിലാണ്.